
അറബിക്കടലും അകത്തുമുറിക്കായലും താലോലിക്കുന്ന കായിക്കരയിൽ 1873 ഏപ്രിൽ 12നായിരുന്നു ആ കാവ്യപൗർണമിയുടെ ഉദയം. കുളത്തൂർ കോലത്തുകരയിൽ വച്ച് ശ്രീനാരായണ ഗുരു സമസ്യയിലൂടെ കുമാരന്റെ കവിത്വത്തെ ലഘുവായൊന്നു പരീക്ഷിച്ചു, ക്ഷണനേരമേ വേണ്ടി വന്നുള്ളൂ മറുപടിയായ പൂരണത്തിന്.
''കാലൻ കനിവറ്റു കുറിച്ചു വിടു-
ന്നോലപ്പടിയെന്നെയയക്കരുതേ...""
അതു ഗുരുദേവനോടുള്ള അപേക്ഷയോ കാലാന്തകനായ കോലത്തുകരേശനോടുള്ള പ്രാർത്ഥനയോ? എന്തായാലും ആ അപേക്ഷയും പ്രാർത്ഥനയും ഫലിച്ചു. അങ്ങനെ ഗുരുവിന്റെ പ്രിയപ്പെട്ട ആത്മശിഷ്യനായി. ആരാധകരുടെ ചിന്നസ്വാമിയായി. അതിലുപരി ശൃംഗാരകവിതകളും കീർത്തനങ്ങളുമെഴുതി നടന്ന കുമാരനെന്ന കായിക്കരക്കാരൻ ലോകം വാഴ്ത്തുന്ന മഹാകവി കുമാരനാശാനായി. ചിട്ടകളും ലക്ഷണങ്ങളും പാലിച്ച് മഹാകാവ്യമെഴുതി മഹാകവിപ്പട്ടം നേടിയവർക്കിടയിൽ മഹാകാവ്യമെഴുതാതെ തന്നെ മലയാള കാവ്യസാമ്രാജ്യത്തിലെ എക്കാലത്തെയും ചക്രവർത്തിയായി.
കണ്ണീരിനുള്ളിലെ സമുദ്രജലപ്രവാഹങ്ങളും ഉള്ളിൽ തിളച്ചു മറിയുന്ന അഗ്നിപർവതലാവകളും കൊണ്ട് സംഘർഷഭരിതമാണ് ആശാന്റെ കവിതയും ഹൃദയവും. കുട്ടിക്കാലത്ത് മൂന്ന് കൂടപ്പിറപ്പുകളുടെ അകാലമരണം, ബാല്യകാലസഖിയുടെ നിര്യാണം. അങ്ങനെ കുമാരന്റെ മനോഭിത്തിയിൽ കാലം വരച്ചിട്ടത് എത്രയോ ശോകരേഖാചിത്രങ്ങൾ. അതു ജീവിതാന്ത്യം വരെ തുടർന്നു. ഗുരുദേവന്റെ ആഗ്രഹപ്രകാരം ഡോ. പൽപ്പുവിന്റെ ശ്രമഫലമായി ബാംഗ്ളൂരിലെ പ്രശസ്തമായ ശ്രീചാമരാജേന്ദ്ര സംസ്കൃത കോളേജിൽ പ്രവേശനം കിട്ടി. തർക്കശാസ്ത്രം ഐച്ഛികമായെടുത്ത് ന്യായവിദ്വാൻ ബിരുദകോഴ്സിന്. പക്ഷേ, അസൂയാലുക്കളായ സവർണ സഹപാഠികളുടെ ജാതിക്കുശുമ്പിലെഴുതിയ പരാതി ആ മോഹം തല്ലിക്കൊഴിച്ചു. കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. പിന്നെ പഠനം കൽക്കട്ട സംസ്കൃത കോളേജിൽ. ഇംഗ്ളീഷ് സാഹിത്യലോകം തുറന്നുകിട്ടുന്നത് ഇവിടെവച്ചാണ്. പ്ളേഗും വസൂരിയും കൽക്കട്ടയിൽ താണ്ഡവമാടിയപ്പോൾ ഉത്കണ്ഠകൾ പങ്കിട്ടുകൊണ്ട് ആശാൻ അമ്മയ്ക്കൊരു കത്തയച്ചു. ആ കത്തുമായി അമ്മ ഗുരുസന്നിധിയിലെത്തി. ഇതിനകം വിധവയായി കഴിഞ്ഞിരുന്ന അമ്മ കുടുംബപ്രാരാബ്ധങ്ങളും കുമാരന്റെ വിരഹവും ബോധിപ്പിച്ചു. മകന്റെ കത്ത് എരിതീയിൽ നെയ് ഒഴിച്ചതുപോലെ. എല്ലാം ക്ഷമയോടെ കേട്ട ഗുരു പുഞ്ചിരിയോടെ അമ്മയെ ആശ്വസിപ്പിച്ചു: പത്തുദിവസത്തിനുള്ളിൽ എത്തിക്കാം. പത്തടി പൃഷ്ഠത്തിൽ കൊടുക്കുകയും ചെയ്യാം. കവിതയുടെ പുതിയ കവാടങ്ങൾ തുറന്നു ആശാൻ തിരിച്ചെത്തുന്നതും ഗുരുവിന്റെയും ഡോ. പൽപ്പുവിന്റെയും ആഗ്രഹങ്ങൾക്ക് വഴങ്ങി എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥിയാകുന്നതും പിന്നീടുള്ള തിളക്കമാർന്ന ചരിത്രം. ഗ്രാമവൃക്ഷത്തിലെ ആ കുയിലിന്റെ മധുരനാദാലാപത്തിൽ കേരളം മതിമറന്നു. ഇതിനിടയിൽ നീതിബോധമില്ലാത്ത ചില സമുദായ പ്രമാണിമാർ കല്ലെറിഞ്ഞിട്ടും ആ കോകിലഗാനം തുടർന്നു. ഭീരുക്കളുടെ അവഗണന, അവഹേളനം ജാതിക്കോമര മാടമ്പികളുടെ രഹസ്യനിന്ദകൾ എന്നിവയൊക്കെ ആശാൻ കണ്ടില്ലെന്ന് നടിച്ചു.
മലയാളം അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ പദസംയോഗങ്ങളും അക്ഷരസ്ഫോടനങ്ങളും നടത്തി ശരിക്കും ഞെട്ടിക്കുകയായിരുന്നു കുമാരകവി. മലയാളഭാഷാപാരാവാരത്തിൽ ഇത്രയും വലിയ തിമിംഗലങ്ങളും വിലപ്പെട്ട രത്നങ്ങളും ഒളിഞ്ഞിരുന്നോ എന്ന് നിരൂപക കേസരികൾ അതിശയിച്ചു.
നിത്യജീവിതത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചുപോകുമ്പോൾ നാം ചെന്നെത്തുക ആശാൻ കവിതയിലാകും. സ്നേഹമൗനത്തെ വ്യാഖ്യാനിക്കേണ്ടിവരുമ്പോഴും മനസുരുവിടുന്നത് ആശാന്റെ വാക്കുകൾ. ജീവിതത്തെ വേട്ടയാടുന്ന നിസഹായത, അവഗണന, അവഹേളനം, ഉള്ളിലേക്ക് കരയുന്ന കണ്ണീർ, ഏകാന്തതയുടെ ശ്മശാനപ്പുക എന്നീ സന്ദർഭങ്ങളിലും തുണയാകുക ആശാന്റെ കവിതയാകും. ചിലപ്പോൾ ആ കവിത തത്വചിന്തകളുടെ മലമ്പാത, ചിലപ്പോൾ ആത്മീയതയുടെ കാനനപ്പാത. അങ്ങനെ നിരവധി അഴിമുഖങ്ങളും എണ്ണമറ്റ തുറമുഖങ്ങളുമുള്ള മഹാസാഗരമായി ആശാൻ കവിത അലയടിച്ചുകൊണ്ടിരിക്കുന്നു. ശതാബ്ദ ദൂരത്തിനും ദശാബ്ദങ്ങളുടെ നാഴികകൾക്കും ഇപ്പുറവും ആ കടലിരമ്പം കേൾക്കാം. ഏതു തലമുറയുടെയും ഉൾക്കടലിരമ്പം പോലെ.ഒരു വീണപൂവിന്റെ മേൽവിലാസത്തിലുണ്ട് കുമാരനാശാന്റെ കവിജന്മവും പോരാട്ട കാണ്ഡവും. ഈ വീണപൂവിൽ നിന്ന് വസന്തകാന്തിയും സുഗന്ധവും ചോർന്നുപോകുന്നില്ല. വരാനിരിക്കുന്ന തലമുറകളുടെ അതിഥിമന്ദിരവിലാസം കൂടിയാണ് വീണപൂവ്.മലയാള കവിതയിൽ പുതിയ ഭാവുകത്വത്തിന്റെയും കാല്പനികതയുടെയും ബീജരക്ത സംയോഗത്തിന്റെയും പരിണാമത്തിന്റെയും ഗർഭഗൃഹവിലാസം കൂടിയാണ് വീണപൂവ്. ലാളിച്ചുപെറ്റ ലതയും പല്ലവ പുടവങ്ങളും ദലമർമ്മരങ്ങളിലെ താരാട്ടും പൂവിന്റെ കവിളിൽ പുതിയ പുഞ്ചിരി സഞ്ചരിക്കുന്നതും വണ്ട് കുസുമാന്തര ലോലനാകുന്നതും നാം അനുഭവിച്ചറിഞ്ഞു.വീണപൂവിന്റെ മണവും രുചിയും മാത്രം മതി ആശാന്റെ കവിതാരാമത്തിലെ സമസ്ത പുഷ്പങ്ങളുടെയും ആസ്വാദ്യതയും ആഭിജാത്യവും അറിയാൻ. തീപ്പെട്ടിക്കൂടിലടയ്ക്കാൻ പാകത്തിലുള്ള പട്ടുസാരി മാഹാത്മ്യം പോലെ എത്രയോ പിറക്കാത്ത കവിതകളുടെ വിത്തുകൾ വീണപൂവിൽ ഒളിഞ്ഞിരിക്കുന്നു. നാല്പത്തിയൊന്നു ശ്ളോകങ്ങളാകുന്ന തളികയിൽ ആശാൻ മലയാളത്തിന് സമർപ്പിച്ച ഈ കല്പവൃക്ഷ സൂനത്തിലെ മിക്കവാറും വരികൾ തിരുവാഭരണച്ചന്തമുള്ളതാണ്.കണ്ണീരിനാൽ അവനിവാഴ്വു കിനാവു കഷ്ടം!, കണ്ണേ മടങ്ങുക, ഉല്പന്നമായത് നശിക്കും, അണുക്കൾ നിൽക്കും, ഉല്പത്തി കർമ്മഗതി പോലെ വരും, ഒന്നിനുമില്ല നില, ഉന്നതമായ കുന്നും, മേഘജ്യോതിസുതൻ ക്ഷണികജീവിതം, വ്യാപാരമേ ഹനനമാം വനവേടനുണ്ടോ, കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘംആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാംശ്രീഭൂവിലസ്ഥിര, പിൽക്കാലത്ത് എത്രയോ കവിതകൾക്കും കഥകൾക്കും പ്രഭാഷണങ്ങൾക്കും ഉയിരായി മാറിയ പദസൗകുമാര്യത്തിന്റെ ഖനികൾ. ആശാന്റെ പത്രാധിപത്യത്തിലുള്ള പ്രതിഭ മാസികയിൽ ഒരിക്കൽ അദ്ദേഹം ഇങ്ങനെയെഴുതി: മനുഷ്യവർഗത്തിന് ഇന്നേവരെയുള്ള സമ്പാദ്യങ്ങളിൽ ഏറ്റവും വിലയേറിയത് അതിന്റെ സാഹിത്യമാണ്. സാഹിത്യമില്ലായിരുന്നെങ്കിൽ മനുഷ്യജീവിതം എത്ര നീരസവും നിഷ്പ്രയോജനവും ദുസഹവുമായിരിക്കും. ഏതു കാലത്തിനും സുഗന്ധമേകുന്ന വാക്കുകൾ.റെഡീമർ ബോട്ടപകടം പ്രാണൻ കവർന്നെങ്കിലും ആശാന്റെ ശരീരം തോന്നയ്ക്കലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടായപ്പോൾ പല്ലന നിവാസികൾ പറഞ്ഞതും വിലപ്പെട്ട ആ സമ്പാദ്യത്തെപ്പറ്റിയായിരുന്നു. ആശാൻ ഒരു ദേശത്തിന്റെയോ ജനവിഭാഗത്തിന്റെയോ സമ്പാദ്യമല്ല. ലോകജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ലോകവും കാലവും അത് ശരിവയ്ക്കുന്നു.