drugs

ഹൈദരാബാദ്: പ്രമുഖരുൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ച് ആഢംബര ഹോട്ടലില്‍ നിയമവിരുദ്ധമായി നടത്തിയ പാർട്ടിയിൽ ഉപയോഗിച്ചത് കൊക്കെയ്ൻ തന്നെയെന്ന് സ്ഥിരീകരണം. ഹോട്ടലിലെ പബ്ബ് നടത്തിപ്പുകാരന്‍ അഭിഷേക് വുപ്പള, പബ്ബ് മാനേജര്‍ അനില്‍ കുമാര്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

പബ്ബ് ഉടമകളിലൊരാളായ അര്‍ജുന്‍ വീരമച്ചിനേനിക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾ കൊൽക്കത്തയിലാണ്. തിരിച്ചെത്തിയാലുടൻ ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനോട് ചേര്‍ന്ന പബ്ബിലാണ് ലഹരിപ്പാർട്ടി നടന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസിന്റെ പ്രത്യേകസംഘം പബ്ബിൽ മിന്നൽ പരിശോധന നടത്തിയത്.

പബ്ബില്‍ നിന്ന് കൊക്കെയ്‌ൻ പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പബ്ബിലുണ്ടായിരുന്ന 150-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമാ നടന്റെ മകള്‍, മുന്‍ ഡി.ജി.പി.യുടെ മകന്‍, പ്രശസ്ത ഗായകന്‍, എം.പി.യുടെ മകന്‍ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെയെല്ലാം ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ഇവരില്‍ പലരുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പബ്ബില്‍ അര്‍ദ്ധരാത്രി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പബ്ബില്‍ ലഹരിമരുന്ന് വിതരണം ചെയ്തിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ ആദ്യ മറുപടി. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു. സംശയകരമായ രീതിയില്‍ മറ്റുചില പാക്കറ്റുകളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെടുത്തതിന് പിന്നാലെ ഇത് പഞ്ചസാരയാണെന്നായിരുന്നു ആദ്യം ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ലഹരി പാര്‍ട്ടിയിലേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയായിരുന്നു രജിസ്‌ട്രേഷന്‍. ആപ്പില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒടിപി വഴി ഇത് സ്ഥിരീകരിക്കും. ഇതിനുശേഷമാണ് പബ്ബിലേയ്ക്കുള്ള പ്രവേശനം.