
ശിവഭഗവാന്റെ വാഹനമാണ് നന്ദി. അതിനാൽ തന്നെ എല്ലാ ശിവക്ഷേത്രങ്ങളിലും നന്ദിയുടെ പ്രതിഷ്ഠയും ഉണ്ടാകും. എന്നാൽ നന്ദിയുടെ പ്രതിഷ്ഠയിൽ ഒരു കാൽ മാത്രം നീട്ടി വച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ശിവഭഗവാന്റെ ഭക്തനായ ശിലാദ മുനി വർഷങ്ങൾ നീണ്ട കഠിന തപസ് അനുഷ്ഠിച്ചു. ഇതിൽ സംപ്രീതനായ ശിവ ഭഗവാൻ ശിലാദ മുനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു ശേഷം എന്ത് വരമാണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. ഒരു പുത്രനെയാണ് വേണ്ടതെന്ന ശിലാദയുടെ ആഗ്രഹം എത്രയും വേഗം സാധിച്ചുതരാമെന്ന് പറഞ്ഞുകൊണ്ട് ഭഗവാൻ അപ്രത്യക്ഷനായി. അടുത്ത ദിവസം തന്നെ ശിലാദ തന്റെ ആശ്രമത്തിന് മുന്നിൽ ഒരു സുന്ദരനായ കുട്ടിയെ കണ്ടു. ഭഗവാൻ പറഞ്ഞതുപോലെ തന്നെ ആ കുട്ടിക്ക് ശിലാദ 'നന്ദി' എന്ന് പേരു നൽകി. മിടുക്കനായ നന്ദി ആശ്രമത്തിലെ കർമങ്ങൾ വേഗം പഠിച്ചു. ഒരിക്കൽ ആശ്രമം സന്ദർശിക്കാനെത്തിയ മിത്ര-വരുണ മഹർഷികൾ മടങ്ങിപ്പോകവേ ശിലാദയോട് നന്ദിക്ക് ആയുസ് കുറവാണെന്നുള്ള കാര്യം പറഞ്ഞു. ഇത് കേട്ട് വളരെയധികം ദുഖിതനായ ശിലാദ നന്ദിയെ ഇക്കാര്യം അറിയിച്ചു. വിവരം കേട്ട നന്ദി ചിരിച്ചുകൊണ്ട് തനിക്ക് തപസിരിക്കണമെന്നും അതിന് പിതാവ് അനുഗ്രഹിക്കണമെന്നും ശിലാദയോട് ആവശ്യപ്പെട്ടു.
നന്ദിയുടെ കഠിന തപസിൽ സംപ്രീതനായ ഭഗവാൻ പ്രത്യക്ഷപ്പെടുകയും എന്ത് വരം വേണമെന്ന് ചോദിക്കുകയും ചെയ്തു. മറുപടിയായി തനിക്കെന്നും ഭഗവാന്റെ കൂടെ നിൽക്കണമെന്ന് നന്ദി പറഞ്ഞു. ഇത് കേട്ട ഭഗവാൻ തന്റെ വാഹനവും സന്തത സഹചാരിയുമായി എന്നും കൈലാസത്തിൽ നന്ദി ഉണ്ടാകുമെന്നും , നന്ദിയുടെ മുഖം കാളയുടേതാകുമെന്നും പറഞ്ഞു. കലിയുഗത്തിൽ നന്ദിക്ക് ഒറ്റക്കാലിൽ നടക്കേണ്ടിവരുമെന്നും ഭഗവാൻ അറിയിച്ചു. ഈ കാരണത്താലാണ് എല്ലാ നന്ദി പ്രതിഷ്ഠകളിലും ഒരു കാൽ നീണ്ട് നിൽക്കുന്നതായി കാണുന്നതെന്നാണ് ഐതിഹ്യം.