
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾ ഓരോ ദിവസം കഴിയുന്തോറം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്നതിന് വിദേശ ഇടപെടൽ ഉണ്ടായി എന്ന ഇമ്രാൻ ഖാന്റെ ആരോപണത്തിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. ഇമ്രാൻ ഖാന് ഇന്ത്യയിൽ നിന്നും ഇസ്രയേലിൽ നിന്നും ധനസഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. ഇത് ഇമ്രാൻ ഉയർത്തിയ 'വിദേശ ഗൂഢാലോചന' കുറ്റത്തിൽ നിന്നും രക്ഷപ്പെടാനുള്ള ബിലാവലിന്റെ തന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തിങ്കളാഴ്ച സിന്ധിലെ ശിക്കാർപൂരിന് സമീപം ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് ഇന്ത്യയേയും ഇസ്രയേലിനേയും വലിച്ചിടാൻ ബിലാവൽ ഭൂട്ടോ സർദാരി ശ്രമിച്ചത്. മാർച്ച് ഏഴിന് അമേരിക്കൻ നയതന്ത്രജ്ഞൻ ഡൊണാൾഡ് ലു പറഞ്ഞതിനെ ഉദ്ധരിച്ചാണ് ഇമ്രാൻ ഖാൻ പ്രതിപക്ഷത്തിന് മേൽ വിദേശ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. 'ഒരു വിശ്വാസ വോട്ടെടുപ്പ് വരുന്നു, അത് വിജയിച്ചാൽ പാകിസ്ഥാന്റെ എല്ലാ തെറ്റുകളും ക്ഷമിക്കപ്പെടും, അല്ലാത്തപക്ഷം, പാകിസ്ഥാൻ അനന്തരഫലങ്ങൾ ഗുരുതരമായി നേരിടേണ്ടിവരും ' ഇങ്ങനെയാണ് ഡൊണാൾഡ് ലുവിന്റെ വാക്കുകൾ പുറത്ത് വന്നത്. ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ ശത്രുക്കളായ ഇസ്രായേൽ, ഇന്ത്യ എന്നിവരിൽ നിന്ന് പണം കൈപ്പറ്റിയതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ഇമ്രാൻ ഖാൻ ഉയർത്തിയ 'വിദേശ ഗൂഢാലോചന' ആരോപണത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും പിപിപി നേതാവ് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടെടുപ്പ് കൂടാതെ നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി തള്ളിയതോടെയാണ് പാകിസ്ഥാൻ ഭരണഘടനാ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. പാകിസ്ഥാനിൽ സർക്കാർ മാറ്റം കൊണ്ടുവരാനുള്ള ഒരു വിദേശരാജ്യത്തിന്റെ ശ്രമങ്ങളുമായി അവിശ്വാസ പ്രമേയത്തിന് ബന്ധമുണ്ടെന്ന് സൂരി പ്രസ്താവിച്ചിരുന്നു. തൊട്ടുപിന്നാലെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ, പുതിയ തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിയോട് താൻ ഉപദേശിച്ചതായി ഇമ്രാൻ ഖാൻ വെളിപ്പെടുത്തി.