ee

ഭക്തിയെ യുക്തികൊണ്ട് ചൂടാക്കണം. തിളച്ചുവരുമ്പോൾ അതിലെ അന്ധവിശ്വാസങ്ങളും അശാസ്ത്രീയതയും ആവിയായിപോകും. പൂജാരിയായ ജനാർദ്ദനൻ നമ്പൂതിരി എല്ലാ രീതിയിലും വ്യത്യസ്തനാണ്. ആചാരങ്ങളും പൂജാവിധികളുമറിയാത്ത എത്രയോപേർ ഭക്തിയുടെ പിൻബലത്തിൽ ജീവിക്കുന്നു. അവരിൽ പലരും ഭൗതികമായി സമ്പത്തുവാരിക്കൂട്ടി. നമ്പൂതിരി അതിനോട് യോജിക്കുന്നില്ല. മരുന്നുകൊണ്ട് ഫലമില്ലെങ്കിൽ പോകുന്നത് മരുന്നിന്റെ വിശ്വാസ്യതയല്ല, ഡോക്ടറിലുള്ള വിശ്വാസമാണ്. അതുപോലെ ഭക്തിയും വിശ്വാസവും നിഷ്‌പ്രയോജനമെന്ന് വന്നാൽ പിന്നെ വിശ്വാസം ദുർബ്ബലമാകും. പ്രയോജനം മനസിന് കിട്ടിയാൽ മതി അതാണ് വരപ്രസാദം നമ്പൂതിരിയുടെ ചില വ്യാഖ്യാനങ്ങൾ കേൾക്കുമ്പോൾ ഇങ്ങനെയും ആചാര്യന്മാരുണ്ടോ പൂജാരിമാരുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം.

ചില പൂജാരിമാർ ഭക്തരുടെ പേഴ്സിലാണ് ശ്രദ്ധിക്കുന്നത്. ഉത്തമ പൂജാരിമാർ വിശ്വാസികളുടെ പൾസാണ് ശ്രദ്ധിക്കുന്നത്. പേഴ്സ് ശ്രദ്ധിക്കുന്നയാൾ എങ്ങനെ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിക്കും. പൾസ് ശ്രദ്ധിക്കുന്നവർ ഭക്തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ തന്നെ വരുത്തും. താൻ കണ്ടുമുട്ടിയ ഒരു ഭക്തന്റെ ജീവിതം ജനാർദ്ദനൻ നമ്പൂതിരി ഉദാഹരിച്ചു. ഇടത്തരം കുടുംബത്തിലെ ഒരു ഗൃഹനാഥൻ. ഭാര്യ നഷ്ടപ്പെട്ടു. ഏകമകൾ. പഠിക്കാൻ മിടുക്കി. എങ്ങനെയും അവളെ ഡോക്ടറാക്കണം. എത്ര കഷ്ടപ്പെടാനും കഠിനാദ്ധ്വാനം ചെയ്യാനും കണ്ണീരുകുടിക്കാനും തയ്യാർ പക്ഷേ മകൾക്ക് ഒരു ബ്യൂട്ടീഷ്യനായാൽ മതി. ഇതിന്റെ പേരിൽ അച്ഛനും മകളും ശീതസമരത്തിലും അകൽച്ചയിലും. മുഖഭാവം ശ്രദ്ധിച്ച നമ്പൂതിരി ഇതെല്ലാം ചോദിച്ചു മനസിലാക്കിയതാണ്. നല്ലൊരു പൂജാരി നല്ലൊരു മനഃശാസ്ത്രജ്ഞൻ കൂടിയായിരിക്കണമെന്ന വിശ്വാസക്കാരനാണ് അദ്ദേഹം. മകളോട് ക്ഷേത്രത്തിൽ വരാൻ അച്ഛനോട് തന്നെ പറഞ്ഞയച്ചു.

മകൾ ബുദ്ധിമതിയും സൗമ്യയുമാണെന്ന് നമ്പൂതിരിക്ക് ഒറ്റനോട്ടത്തിൽ തന്നെ ബോദ്ധ്യപ്പെട്ടു. അച്ഛന്റെ സങ്കടം തീർക്കണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചപ്പോൾ മകൾ തന്റെ നിലപാട് വ്യക്തമാക്കി. അച്ഛൻ കഷ്ടപ്പെട്ട് പലതും വിറ്റു പെറുക്കി ഡോക്ടറാക്കാൻ ശ്രമിച്ചാൽതന്നെ എത്രവർഷമെടുക്കാം. അച്ഛന്റെ ആരോഗ്യസ്ഥിതിയും സാമ്പത്തികസ്ഥിതിയും മോശം. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചാൽ ഒന്നോരണ്ടോ വർഷം. അല്പം ജാഗ്രതയും കൈപ്പുണ്യവും ഉണ്ടെങ്കിൽ പേരെടുക്കനും വരുമാനമുണ്ടാക്കാനും കഴിയും. അച്ഛനും സഹായമാകും. മനഃസന്തോഷം കിട്ടുമ്പോൾ അച്ഛന്റെ ആരോഗ്യവും മെച്ചപ്പെടും. എനിക്കും മനഃസംതൃപ്തി കിട്ടും. അമ്മ നഷ്ടപ്പെട്ട എനിക്ക് അച്ഛനെങ്കിലും ദീർഘകാലമുണ്ടാകണം വിവാഹിതയായാലും ആ സ്നേഹം വേണം.

പുരാണങ്ങളും തത്വചിന്തനിറഞ്ഞ പുസ്തകങ്ങളുമാണ് എനിക്ക് പ്രിയങ്കരം. ബ്യൂട്ടീഷ്യൻ എന്നത് വെറും ഉപജീവനമാർഗം. പ്രായോഗികബുദ്ധിയുള്ള മകളുടെ വാക്കുകൾ കേട്ടപ്പോൾ നമ്പൂതിരിക്ക് അഭിമാനം തോന്നി, ഒന്നും മിണ്ടാതെ നമ്പൂതിരി നിന്നപ്പോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു: ദൈവത്തെ പൂജിക്കുമുമ്പ് ഒരുക്കുകയില്ലേ. അലങ്കാരപൂജയും മുഴുക്കാപ്പ് ചാർത്തലുമൊക്കെ മഹത്തരമല്ലേ. മനുഷ്യനെ ഒരുക്കുന്നതും അതുപോലെയല്ലേ. അർച്ചന പ്രസാദത്തിനൊപ്പം അല്പം പഞ്ചാമൃതം കൂടി നമ്പൂതിരി അവൾക്കു കൈമാറി.

(ഫോൺ: 9946108220)