sreesanth

വാതുവെയ‌്പ് കേസിൽ അറസ്‌റ്റിലായതിനെ തുടർന്ന് തിഹാർ ജയിലിൽ തനിക്ക് അനുഭവക്കേണ്ടി വന്ന ദുരിതങ്ങൾ വെളിപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്. കൊടുംതീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയതെന്നും, സഹതടവുകാരിലൊരാൾ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. വീട്ടിലെത്തിയ ശേഷവും തിഹാറിലെ ഓർമ്മകൾ തന്നെ വിട്ട് പോയിരുന്നില്ല. ആത്മഹത്യക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത് പറയുന്നു.

'ക്രിക്കറ്റ് ആണ് എനിക്കെല്ലാം തന്നത്. നല്ല ജീവിതവും സൗഭാഗ്യങ്ങളുമെല്ലാം. പരിക്കു കാരണം ഇന്ത്യൻ ടീമിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വന്ന ശേഷം എങ്ങനെയെങ്കിലും ടീമിൽ തിരിച്ചെത്തണമെന്ന വാശിയോടെയാണ് 2013 ഐപിഎല്ലിൽ കളിക്കാനെത്തിയത്. ആ സമയത്താണ് അപ്രതീക്ഷിതമായി അറസ്‌റ്റ്. കൊടുംതീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. മൂകാംബികദേവിയുടെ മുന്നിൽ പൂജിച്ച് കൈയിൽ കെട്ടിയ ചരട് മരണശേഷമെ അഴിക്കാവൂയെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവർ മുറിച്ചെടുത്തു.

തിഹാറിലെ ക്രിമിനലുകൾക്കിടയിലാണ് ഞാൻ ചെന്നുവീണത്. അവരെന്നെ നോട്ടമിട്ടു. ബ്ളേഡ് വച്ച് മുറിപ്പെടുത്താൻ ശ്രമിക്കും. വാതിലിൽ നിന്ന് മുറിച്ചെടുത്ത ലോഹക്കഷ്‌ണം രാകി മൂർച്ചവരുത്തി ഒരുത്തനെന്നെ കുത്താൻ ശ്രമിച്ചു. 200 പേർക്കുള്ള ഡോർമെറ്ററിയിൽ മുന്നൂറിലധികം തടവുകാർക്കൊപ്പമായിരുന്നു ഞാൻ. ബാത്ത് റൂമിനടുത്ത് നനഞ്ഞനിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവൻ സമയം വെളിച്ചം നിറഞ്ഞ മുറിയിൽ ഉറങ്ങാൻ ആവില്ല. അവിടെയിരുന്നു കരയുകയായിരുന്നു പലപ്പോഴും ഞാൻ'- ശ്രീശാന്തിന്റെ വാക്കുകൾ.