
ലക്നൗ : യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും, ക്ഷേത്ര കവാടത്തിലെ കാവൽക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് ഉദ്യോഗസ്ഥർ. ഐഐടി ബോംബെയിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കെമിക്കൽ എഞ്ചിനീയർ അഹ്മദ് മുർതാസ അബ്ബാസി ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാദ്ധ്യത തള്ളിയിട്ടിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്യൂരിറ്റി അവനീഷ് അവസ്തി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ക്ഷേത്രത്തിൽ ആക്രമണം ഉണ്ടായത്. അഹമ്മദ് മുർതാസ അബ്ബാസി മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിന് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെ തടയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ ആയുധം കൊണ്ട് പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാന പൂജാരിയായിട്ടുള്ള ക്ഷേത്രമാണ് ഗോരഖ്നാഥ് ക്ഷേത്രം. അതിനാൽ തന്നെ പ്രതിയുടെ ആക്രമണ ലക്ഷ്യം എന്തായിരുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. ആക്രമണത്തെ തുടർന്ന് പൊലീസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അക്രമിയെ തടഞ്ഞതിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പരിക്കേറ്റ ഗോപാൽ ഗൗറിനെയും അനിൽ പാസ്വാനെയും മുഖ്യമന്ത്രിയോഗി ആദിത്യനാഥ് ബിആർഡി മെഡിക്കൽ കോളേജിൽ സന്ദർശിച്ചു.
നേപ്പാൾ സന്ദർശനം കഴിഞ്ഞ് മടങ്ങവേ അതിർത്തി ഗ്രാമമായ മഹാരാജ്ഗഞ്ചിൽ നിന്നുമാണ് ആയുധം വാങ്ങിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ യുവാവിന് മാനസികമായി സുഖമില്ലെന്നാണ് ഇയാളുടെ പിതാവ് പറയുന്നത്. പിതാവിനേയും എടിഎസ് സംഘം ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.