
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ 101 തേങ്ങ വഴിപാടായി ഉടച്ച് ശശി തരൂർ എം പി. അഭ്യുദയകാംക്ഷിയും സുഹൃത്തുമായ അച്യുതമേനോന്റെ വഴിപാട് പ്രകാരമാണ് തരൂർ ദർശനത്തിനെത്തിയതും തേങ്ങ ഉടച്ചതും. ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ അദ്ദേഹം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ ഓണക്കാലത്ത് ശശി തരൂർ തേങ്ങ ഉടച്ച വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പെരിങ്ങോട്ട് കാവ് ക്ഷേത്രത്തിലായിരുന്നു അദ്ദേഹം തേങ്ങ ഉടച്ചത്. അന്ന് പങ്കുവച്ച ചിത്രം പിന്നീട് മീമുകളായും ട്രോളുകളായും വൈറലായിരുന്നു. ചായക്കടയിലും റെസലിംഗ് റിംഗിലും ക്രിക്കറ്റ് ഗ്രൗണ്ടിലുമെല്ലാം തരൂരിന്റെ ആ ചിത്രങ്ങളെ ട്രോളന്മാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. അവയിൽ ചിലത് അദ്ദേഹം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.
തടസങ്ങൾ മാറി കിട്ടാൻ പഴവങ്ങാടി ക്ഷേത്രത്തിൽ തേങ്ങ ഉടയ്‌ക്കുന്നത് ഫലപ്രദമാണെന്നാണ് വിശ്വാസം. ബാലഗണപതിയാണ് സങ്കൽപ്പം. നിരവധി പേരാണ് ദിവസവും പഴവങ്ങാടിയിൽ തൊഴാനായി എത്തുന്നത്.