temple-

പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ദേവുനി ലക്ഷ്മി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. കടപ്പ ജില്ലയിലെ ഈ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. തെലുങ്ക് പുതുവർഷമായ ഉഗാദി ദിനത്തിൽ മുസ്ലീങ്ങൾ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തും എന്നതാണ് ആ പ്രത്യേകത. ഭഗവാനെ പ്രാർത്ഥിക്കാനും നാളികേരം ഉടയ്ച്ച് അനുഗ്രഹം തേടിയുമാണ് അവർ എത്തുക. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആന്ധ്രാക്കാർ പുതുവർഷാരംഭം ആഘോഷിച്ചത്. ഈ ദിവസം ഹൈന്ദവ ഭവനങ്ങളിൽ 'ഉഗാദി പച്ചടി' തയ്യാറാക്കും. തുടർന്ന് ക്ഷേത്ര ദർശനവും നടത്തും.

എല്ലാ വർഷവും ഉഗാദി ദിനത്തിൽ ക്ഷേത്രം സന്ദർശിക്കുന്നത് പതിവാണെന്ന് രായലസീമ മേഖലയിലെ മുസ്ലീങ്ങൾ പറയുന്നു. 'ഞാൻ ചിറ്റൂർ നിവാസിയാണ്, ഉഗാദിയിൽ, ഞാൻ ഇവിടെ പ്രാർത്ഥനയ്ക്കായി വരുന്നു. ഞങ്ങൾക്ക് ജനുവരി ഒന്ന് പുതുവർഷമല്ല, ഉഗാദിയാണ് പുതുവർഷം' അനുഗ്രഹം തേടി ലക്ഷ്മി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ എത്തിയ ഇസ്ലാം മത വിശ്വാസി പറയുന്നു. ഉഗാദിക്ക് മുന്നോടിയായി മുസ്ലീം വിശ്വാസികൾ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചെത്തി അരിയും പലവ്യഞ്ജനങ്ങളും ശർക്കരയും ഭഗവാന് സമർപ്പിക്കുന്ന ചടങ്ങും ഉണ്ട്.

നമുക്ക്, റമദാൻ പോലെ, ഉഗാദിയും ഈദിന് സമാനമാണ്. ഭഗവാനെ പ്രാർത്ഥിക്കാനും നാളികേരം ഉടയ്ക്കാനും അനുഗ്രഹം വാങ്ങാനുമാണ് ഞങ്ങൾ ഇവിടെ വരുന്നത്. നമ്മുടെ മുതിർന്നവരും ഉഗാദി ദിനത്തിൽ ഇവിടെ വരാറുണ്ടായിരുന്നു, ഞങ്ങൾ പാരമ്പര്യം പിന്തുടരുന്നുവെന്ന് മറ്റൊരാൾ ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി.