car-sales

 മാർച്ചിൽ പാസഞ്ചർ വാഹന വില്പനനഷ്‌ടം 5%

ന്യൂഡൽഹി: മാ‌ർച്ചിൽ ആഭ്യന്തര റീട്ടെയിൽ പാസഞ്ചർ വാഹന (കാർ, എസ്.യു.വി., വാൻ) വില്പന അഞ്ചുശതമാനം ഇടിഞ്ഞെന്ന് വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴേസ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2021 മാർച്ചിലെ 2.85 ലക്ഷം യൂണിറ്റുകളിൽ നിന്ന് 2.71 ലക്ഷം യൂണിറ്റുകളിലേക്കാണ് ഇടിവ്.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഇരുട്ടടിയായി എത്തിയ ചിപ്പ് ക്ഷാമം മൂലം ഉത്‌പാദനം കുറഞ്ഞതാണ് പ്രധാന തിരിച്ചടി. ഇന്ധനവില കുതിപ്പ്, രജിസ്‌ട്രേഷൻ ഫീസ് വർദ്ധന സംബന്ധിച്ച ആശങ്ക എന്നിവയും പുതിയ വാഹനം വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുകയാണെന്ന് ഫാഡ ചൂണ്ടിക്കാട്ടുന്നു.

12.06 ലക്ഷം യൂണിറ്റുകളിൽ നിന്ന് ടൂവീലർ വില്പന 4.02 ശതമാനം കുറഞ്ഞ് 11.57 ലക്ഷമായി. വാണിജ്യ, ത്രീവീലർ വാഹനശ്രേണികൾ വില്പനനേട്ടം രേഖപ്പെടുത്തി. 67,828 യൂണിറ്റുകളിൽ നിന്ന് 77,938 യൂണിറ്റുകളിലേക്കാണ് വാണിജ്യ വാഹനവില്പന ഉയർന്നത്; വർദ്ധന 14.91 ശതമാനം. 38,135 യൂണിറ്റുകളിൽ നിന്ന് ത്രീവീലർ കച്ചവടം 26.61 ശതമാനം ഉയർന്ന് 48,284 യൂണിറ്റുകളിലെത്തി. എല്ലാ ശ്രേണികളിലുമായി ആകെ 16.19 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി; ഇടിവ് 2.87 ശതമാനം. 2021 മാർച്ചിലെ വില്പന 16.66 ലക്ഷമായിരുന്നു.

വില്പനയിൽ മുന്നിൽ

മാരുതി തന്നെ

പാസഞ്ചർ ശ്രേണിയിൽ മാരുതി ഒന്നാംസ്ഥാനത്ത് എതിരില്ലാതെ തുടരുകയാണ്. മാർച്ചിലെ വില്പനക്കണക്ക് (ആദ്യ അഞ്ച് സ്ഥാനക്കാർ വിറ്റഴിച്ച എണ്ണം):

 മാരുതി സുസുക്കി : 1.11 ലക്ഷം

 ഹ്യുണ്ടായ് ഇന്ത്യ : 40,567

 ടാറ്റാ മോട്ടോഴ്‌സ് : 36,419

 മഹീന്ദ്ര : 22,384

 കിയ : 17,144

''റഷ്യ-യുക്രെയിൻ യുദ്ധം, ചൈനയിലെ കൊവിഡ് പ്രതിസന്ധി എന്നിവമൂലം ക്രൂഡോയിൽ വില ഇനിയും വർദ്ധിച്ചേക്കാം. രാജ്യത്ത് പെട്രോൾ, ഡീസൽവില ഇതിനകം ലിറ്ററിന് 10 രൂപയോളം കൂട്ടിക്കഴിഞ്ഞു. വാഹനവിപണിക്ക് വരുംമാസങ്ങളും വെല്ലുവിളികളുടേതാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്""

- ഫാഡ