
കൊളംബോ: സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതും തിരിച്ചടിയായി. 40 എം പിമാരാണ് ഭരണസഖ്യത്തിൽ നിന്നും പിന്മാറി സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. ഇതോടെ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടു.
പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവച്ചിരുന്നു. രാജിവച്ചവരിൽ പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്‌സെയും ഉൾപ്പെടുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയാണെന്നാണ് നമൽ ട്വീറ്റ് ചെയ്തത്.
ഗോതാബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസിൽ രാജപക്‌സെയും രാജി വച്ചിരുന്നു. പകരം ധനവകുപ്പിന്റെ ചുമതല നൽകിയത് നീതിന്യായ വകുപ്പ് മന്ത്രി അനിൽ സബ്രിയ്‌ക്കായിരുന്നു. പക്ഷേ അദ്ദേഹവും 24 മണിക്കൂർ തികയും മുമ്പ് പദവി രാജിവച്ചു.
ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്. രാജ്യത്ത് ഊർജപ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്ന് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.