
കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയത്തിലാകുന്നത്.
ഇവർ തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവുമായി പരിചയത്തിലാകുന്നത്.
2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്‌ടറുടെ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും ഇവർ പറയുന്നു.
ഡോക്‌ടറിൽ നിന്ന് സെെജു പണം കടം വാങ്ങിയെന്നും വിവാഹ വാഗ്‌ദാനം നൽകിയെന്നും ആരോപണമുണ്ട്. സൈജുവുമായുള്ള ബന്ധമറിഞ്ഞതോടെ ഡോക്ടറുടെ വിവാഹ ബന്ധം വേർപ്പെട്ടിരുന്നു. ഇതോടെ ഇവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും സാധിച്ചില്ല. സൈജുവിന്റെ ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതായി ഡോക്ടർ പറഞ്ഞു. ഇതോടെയാണ് ഇവർ പരാതി നൽകിയത്.
ആദ്യം റൂറൽ എസ് പിക്ക് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പിന്നീട് പൊലീസ് നിസ്സഹകരണം പുറത്തായതോടെയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. നിലവിൽ സൈജു അവധിയിലാണ്.