
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുന്ന വ്യവസായ വകുപ്പിന്റെ അനൗൺസ്‌മെന്റ് വീഡിയോ വൈറലാകുന്നു. അനൗൺസ്‌മെന്റ് വീഡിയോ വൈറലാകുന്നു( . കാസർകോട് വച്ച് നടന്ന വ്യവസായ വകുപ്പിന്റെ പരിപാടിയിലാണ് പിണറായി വിജയനെ വാഴ്ത്തിക്കൊണ്ടുള്ള അനൗൺസ്‌മെന്റ് ഉണ്ടായത്. ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിയെ 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുട'മെന്ന് അനൗൺസ് ചെയ്തയാൾ വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രി ഉദ്ഘാടകനായ കേരള സർക്കാർ ഏറ്റെടുത്ത് നവീകരിച്ച കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അനൗൺസ്‌മെന്റ്. 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാൻ കഴിയുമെന്ന സന്ദേശം ഉണർത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു' എന്നായിരുന്നു വൈറലായ അനൗൺസ്‌മെന്റ്.
എന്നാൽ അനൗൺസ്‌മെന്റിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഇത്തരം പരാമർശങ്ങളുണ്ടായത് അനുചിതമായെന്ന മട്ടിലായിരുന്നു വിമർശനങ്ങളുണ്ടായത്. വ്യവസായ മന്ത്രി പി രാജിവ് അടക്കം വേദിയിൽ ഉള്ളപ്പോഴായിരുന്നു അനൗൺസ്‌മെന്റ് വന്നത്.
ഔദ്യോഗിക പരിപാടികളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അനൗണ്‍സ്‌മെന്റ് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വ്യക്തി ആരാധനയുടെ ശൈലിയിലില്‍ ഇത്തരത്തിലുള്ള പരാമർശങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണ് എന്നാണ് സോഷ്യൽ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.