forbes

ന്യൂഡൽഹി: ഫോബ്‌സിന്റെ ആഗോള സമ്പന്നപ്പട്ടികയിൽ ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് 30,210 കോടി ഡോളർ (22.75 ലക്ഷം കോടി രൂപ) ആസ്തിയുമായി ഒന്നാംസ്ഥാനത്ത്. 19,410 കോടി ഡോളറുമായി (14.62 ലക്ഷം കോടി രൂപ) ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാമതായി.

ഫ്രഞ്ച് കോടീശ്വരൻ ബെർണാഡ് അർണോയാണ് മൂന്നാമത് (17,540 കോടി ഡോളർ). മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (13,560 കോടി ഡോളർ), ബെർക്‌ഷെയർ ഹാത്തവേ തലവൻ വാറൻ ബഫറ്റ് (12,480 കോടി ഡോളർ) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ആദ്യപത്തിലുള്ള ഏക ഇന്ത്യക്കാരൻ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയാണ്; ആസ്തി 11,100 കോടി ഡോളർ (8.36 ലക്ഷം കോടി രൂപ). ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനും അദാനിയാണ്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി 11-ാമതാണ്; ആസ്തി 10,020 കോടി ഡോളർ (7.54 ലക്ഷം കോടി രൂപ).

എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (2,910 കോടി ഡോളർ), സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല (2,520 കോടി ഡോളർ), ഡി-മാർട്ട് മേധാവി രാധാകിഷൻ ദമാനി (1,980 കോടി ഡോളർ) എന്നിവരാണ് ഇന്ത്യൻ പട്ടികയിൽ മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.

മലയാളികളിൽ

എം.എ. യൂസഫലി

മലയാളികളിലെ ഏറ്റവും സമ്പന്നനെന്ന പട്ടം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിലനിറുത്തി; ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ആസ്‌തി 560 കോടി ഡോളറാണ് (42,184 കോടി രൂപ). ആഗോളതലത്തിൽ റാങ്ക് 497. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്‌ണൻ (420 കോടി ഡോളർ), ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യയും (360 കോടി ഡോളർ), ആ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള (270 കോടി ഡോളർ), വർക്കീസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി (250 കോടി ഡോളർ) എന്നിവരാണ് ടോപ് 5ലെ മറ്റ് മലയാളികൾ.

($1 = ₹75.33)​

ലൊറീലിന്റെ മെയേഴ്‌സ്;

ജിൻഡാലിന്റെ സാവിത്രി

ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ലൊറീലിന്റെ മേധാവി ഫ്രാൻസ്വാ ബെറ്റൻകോട്ട് മെയേഴ്‌സ് ആണ് ലോകത്തെ ഏറ്റവും സമ്പന്ന (ആസ്‌തി 8,190 കോടി ഡോളർ). ഊർജ കമ്പനി ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലാണ് ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി (1,940 കോടി ഡോളർ).