kunnamangalam-news

കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി കാലിക്കറ്റിലെ (എൻ.ഐ.ടി ) ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഗവേഷകർ സൗരോർജത്തിൽ പ്രവർത്തിക്കുന്ന 'സ്മാർട്ട് സോളാർ സ്റ്റൗ 'വികസിപ്പിച്ചു. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ കാമ്പസിൽ ഉത്പ്പന്നം പുറത്തിറക്കി. പ്രായോഗിക സാദ്ധ്യത പരിശോധിക്കുന്നതിനായി വീടുകളിലും റോഡരികിലെ ഭക്ഷണശാലകളിലും മികച്ചരീതിയിൽ പ്രവർത്തിപ്പിച്ചു. ഇനി വിപണിയിൽ അവതരിപ്പിക്കും.
സോളാർ സ്റ്റൗവിന്റെ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. എല്ലാതരം ഗാർഹിക പാചക ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. തട്ടുകടയുടെ മേൽക്കൂരയ്ക്ക് മുകളിൽ സോളാർ പാനൽ സ്ഥാപിക്കാം. വൈദ്യുതിയില്ലാത്ത സ്ഥലങ്ങളിൽ മതിയായ പ്രകാശം ലഭിക്കുന്നതിന് ഒരു എൽ.ഇ.ഡി വിളക്ക് ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സോളാർ പാനലുള്ള സിംഗിൾ സ്റ്റൗവിന് ചെലവ് 10,000 രൂപയും ഡബിൾ സ്റ്റൗവിന് 15000 രൂപയുമാണ്. സോളാർ പാനൽ റേറ്റിംഗും ബാറ്ററി കപ്പാസിറ്റിയും ആവശ്യകതയെ അടിസ്ഥാനമാക്കി വർദ്ധിപ്പിക്കാം. സൂര്യപ്രകാശം ഇല്ലാത്ത സമയങ്ങളിൽ ഉത്പന്നം സ്വമേധയാ വൈദ്യുതിയിലേക്കു മാറും.