musk

കമ്പനിയുടെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയ ടെസ്‌‌ല സിഇഒ ഇലോൺ മസ്‌കിനെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ ഉൾപ്പെടുത്തി ട്വിറ്റർ. കമ്പനി സിഇഒ പരാഗ് അഗർവാളാണ് വിവരം ട്വീറ്റിലൂടെ അറിയിച്ചത്. ട്വിറ്റർ ബോർഡിന്റെ മൂല്യം മസ്‌ക് വർദ്ധിപ്പിക്കുമെന്നും പരാഗ് അഭിപ്രായപ്പെട്ടു. മൂന്ന് ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയത്. സിഇഒ സഹസ്ഥാപകനായ ജാക് ഡോർസെയെക്കാൾ നാലിരട്ടി ഓഹരി ഇപ്പോൾ മസ്‌കിന് സ്വന്തമാണ്.

കമ്പനിയുടെ വലിയ വിശ്വാസിയും വിമർശകനുമാണ് മസ്‌ക് എന്ന് അഭിപ്രായപ്പെട്ട പരാഗ് അഗർവാൾ ദീർഘകാലത്തേക്ക് കമ്പനിയെ ശക്തിപ്പെടുത്താൻ മസ്‌കിന്റെ സേവനം ഉപയോഗപ്പെടുമെന്നും കരുതുന്നു. 2009 മുതൽ ട്വിറ്ററർ അക്കൗണ്ടുള‌ള ഇലോൺ മസ്‌കിന് 80 മില്യൺ ഫോളോവേഴ്‌സാണ് സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമിലുള‌ളത്.

പ്രധാന ഓഹരി ഉടമയായതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ ഒരു എഡിറ്റ് ബട്ടൺ വേണോ? എന്ന് പോൾ ട്വീറ്റ് ചെയ്‌തു. യെസ് എന്ന ഉത്തരമാണ് 70 ശതമാനവും നൽകിയത്. എന്നാൽ ഈ ഉത്തരങ്ങൾ വലിയ പാർശ്വഫലങ്ങൾ ഉളള‌താണെന്നും ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്നും പരാഗ് അഗർവാൾ കമന്റ് ചെയ്‌തു. മസ്‌ക് ഓഹരികൾ സ്വന്തമാക്കിയ വാർത്ത പുറത്തുവന്നതോടെ പ്രീമാർക്കറ്റ് ട്രേഡിംഗിൽ ട്വിറ്ററിന്റെ ഓഹരിമൂല്യം 7 ശതമാനം കുത്തനെ ഉയർന്നു.7.32 ശതമാനം ഉയർന്ന് 53.63 ഡോളറാണ് പുതിയ മൂല്യം.