
കണ്ണൂർ: കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിമൂന്നാമത് സി.പി.എം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഔദ്യോഗിക തുടക്കമിട്ട് പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിക്കൊപ്പമാണ് കോണ്‍ഗ്രസും ലീഗും. വികസന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്ന് പറയാൻ മാത്രമാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത്. പാര്‍ലമെന്റിലും കേരളത്തിനായി ശബ്ദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സി.പി.എമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടില്‍ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. രാജ്യത്ത് നാള്‍ക്കുനാള്‍ കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാകയുർത്തൽ. ഇ.കെ. നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധന്‍ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.