imran

ലണ്ടൻ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പദവി കൈവിടാതിരിക്കാൻ വേണ്ടി നടത്തിയ നാടകീയ നീക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായത്. എന്നാൽ പാക് പ്രധാനമന്ത്രിയുടെ അതേ പേരുകാരനും പാക് വംശജനുമായ ബ്രിട്ടീഷ് എംപി.യായ ഒരാൾ ഇങ്ങ് ബ്രിട്ടണിൽ നിയമനടപടി നേരിടുകയാണ്. വേക്‌ഫീൽഡ് എം‌.പി ഇമ്രാൻ അഹ്‌മെദ് ഖാൻ(48) ആണ് ലൈംഗികപീഡന ആരോപണം നേരിടുന്നത്. 2010ൽ പാകിസ്ഥാനി ഗസ്‌റ്റ് ഹോമിൽവച്ച് എം.പി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഒരു യുവാവ് ബ്രിട്ടീഷ് കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്.

സംഭവം നടക്കുമ്പോൾ അവിടെ മദ്യ സൽക്കാരം നടക്കുകയായിരുന്നു. വിസ്‌കിയ്‌ക്കൊപ്പം മരിജുവാനയും ഇരുവരും ഉപയോഗിച്ചു. ഇതിനിടെ മദ്യത്തിൽ ഉറക്കഗുളിക കലർത്തി ഇമ്രാൻ തനിക്ക് തന്നതായും മയങ്ങിപ്പോയ സമയം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരൻ അറിയിച്ചത്.2010 നവംബറിലാണ് സംഭവമുണ്ടായത്. ഉടൻതന്നെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലും ഫോറിൻ ഓഫീസിലും പരാതിപ്പെട്ടു. അന്ന് ബ്രിട്ടനിൽ ഒരു പ്രൊജക്‌ടുമായി ബന്ധപ്പെട്ട് ജോലി നോക്കുകയായിരുന്ന ഇമ്രാൻ അഹ്‌മെദ് ഖാന് പാകിസ്ഥാനിൽ നല്ല പിടിപാടുള‌ളതിനാലാണ് താൻ അവിടെ പരാതി നൽകാത്തതെന്ന് പരാതിക്കാരൻ അറിയിച്ചു.

2008 ജനുവരിയിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബ്രിട്ടനിലെ സൗത്ത്വാർക് ക്രൗൺ കോടതിയിൽ ഇമ്രാൻ അഹ്‌മെദ് ഖാനെതിരെ നിലവിൽ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു സമാനമായ പരാതിയും ഉയർന്നത്.