mukesh

ന്യൂഡൽഹി: ഫോബ്‌സിന്റെ ''റിയൽ ടൈം"" ആഗോള സമ്പന്നപ്പട്ടികയിൽ ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് 29,400 കോടി ഡോളർ (21.14 ലക്ഷം കോടി രൂപ) ആസ്തിയുമായി ഒന്നാംസ്ഥാനത്ത്. 19,030 കോടി ഡോളറുമായി (14.33 ലക്ഷം കോടി രൂപ) ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാമതായി.

ഫ്രഞ്ച് കോടീശ്വരൻ ബെർണാഡ് അർണോയാണ് മൂന്നാമത് (17,590 കോടി ഡോളർ). മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (13,540 കോടി ഡോളർ), ബെർക്‌ഷെയർ ഹാത്തവേ തലവൻ വാറൻ ബഫറ്റ് (12,510 കോടി ഡോളർ) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ആദ്യപത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഇടംപിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ള ഇവരിൽ അദാനി ഒമ്പതാമതും അംബാനി 10-ാമതുമാണ്. അദാനിയുടെ ആസ്തി 11,130 കോടി ഡോളർ (8.38 ലക്ഷം കോടി രൂപ). അംബാനിയുടേത് 10,050 കോടി ഡോളർ (7.57 ലക്ഷം കോടി രൂപ).

എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (2,910 കോടി ഡോളർ), സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല (2,570 കോടി ഡോളർ), ഡി-മാർട്ട് മേധാവി രാധാകിഷൻ ദമാനി (1,990 കോടി ഡോളർ) എന്നിവരാണ് ഇന്ത്യൻ പട്ടികയിൽ മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.