
മൂന്നാർ: ആനവണ്ടി കണ്ടപ്പോൾ മൂന്നാറിന്റെ സ്വന്തം ഒറ്റയാൻ പടയപ്പയ്‌ക്കൊരു മോഹം, ഒന്ന് തൊടണം, പറ്റിയാൽ ഒരുമ്മ വയ്ക്കണം. ആഗ്രഹം സാധിച്ചപ്പോഴേക്കും കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല് ചെറുതായൊന്ന് പൊട്ടി. ഇന്നലെ വൈകിട്ട് മൂന്നിന് മൂന്നാർ മറയൂർ റോഡിൽ ഡിവൈ.എസ്.പി ക്യാമ്പ് സെന്ററിന് സമീപത്തായിരുന്നു 'ആനവണ്ടിയും പടയപ്പയും' കണ്ടുമുട്ടിയത്. ഉദുമൽപേട്ടയിൽ നിന്ന് അമ്പതിലധികം യാത്രക്കാരുമായി വരികയായിരുന്നു ബസ്. ക്യാമ്പ് സെന്ററിനു മുൻവശത്തുള്ള കൊടുംവളവ് തിരിഞ്ഞ് വരുന്നതിനിടയിലാണ് കാട്ടാനയുടെ മുമ്പിൽ പെട്ടത്.
ഡ്രൈവർ ബി. ബാബുരാജ് ബസ് ഉടൻ റോഡിൽ നിറുത്തി. അൽപ്പസമയം നോക്കി നിന്ന ശേഷം ആന പതിയെ ബസിനരികിലേക്ക് നടന്നടുത്തു. ഇതുകണ്ട് സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭയന്നുവിറച്ചു. ബസെടുക്കാൻ യാത്രക്കാരിൽ ചിലർ പറഞ്ഞെങ്കിലും ഡ്രൈവർ അനങ്ങിയില്ല. പേടിക്കാനില്ലെന്നും 'അവൻ' ഒന്നും ചെയ്യില്ലെന്നും ഉടൻ പോയ്‌ക്കൊള്ളുമെന്നും പടയപ്പയെ പരിചയമുള്ല മൂന്നാർ സ്വദേശികളായ യാത്രക്കാരും പറഞ്ഞു. ഈ സമയം കൗതുകപൂർവം നോക്കി നിൽക്കുകയായിരുന്ന ആന ബസിന്റെ മുകളിലേക്ക് തുമ്പിക്കൈ ഉയർത്തി ചില്ലിനോട് കൊമ്പ് ചേർത്തു. ഇതോടെ ഡ്രൈവറിന്റെ മുൻഭാഗത്തെ ചില്ലിൽ പൊട്ടൽവീണു. ഇതിന് ശേഷം ആന പതിയെ പുറകിലേക്ക് മാറി. ഈ സമയം ഡ്രൈവർ ബസ് മുന്നോട്ടെടുത്തു.
സ്ത്രീകളും കുട്ടികളടക്കമുള്ള യാത്രക്കാർ ഈ സമയമത്രയും ഭയന്നു വിറച്ചാണ് ബസിനുള്ളിൽ കഴിഞ്ഞത്. ബസ് നീങ്ങുന്നത് കണ്ട് ആന മുന്നോട്ടാഞ്ഞ് തുമ്പിക്കൈ നീട്ടിയെങ്കിലും ഭാഗ്യത്തിന് ബസിൽ കൊണ്ടില്ല. ഏതാനും സമയം കൂടി റോഡിൽ നിന്ന ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇതോടെ അര മണിക്കൂറോളമാണ് മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടത്. മൂന്നാർ ടൗണിൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ പ്രവർത്തിക്കുന്ന പാൽരാജിന്റെ പഴം പച്ചക്കറി കട തകർത്ത് പത്തിലേറെ തവണ പടയപ്പ കടയ്ക്കുള്ളിലെ സാധനങ്ങൾ അകത്താക്കിയിട്ടുണ്ട്. രണ്ടു മാസം മുമ്പ് പുലർച്ചെ തേനിയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് പൂപ്പാറ തോണ്ടിമലയിൽ കാട്ടാന ആക്രമിച്ച് കേടുപാടുകൾ വരുത്തിയിരുന്നു.