holy-father

ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഹോളി ഫാദര്‍' മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളും സ്വന്തമാക്കി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മാതാവ്.

അന്തരിച്ച സംവിധായകന്‍ ഷാജി പാണ്ഡവത്തിന്റെ കാക്കത്തുരുത്ത് മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. മികച്ച സംവിധായകന്‍- ജി സുരേഷ് കുമാര്‍ (ഓര്‍മ്മ), മികച്ച ക്യാരക്ടര്‍ നടന്‍- വേണു ബി നായര്‍ (കാക്കത്തുരുത്ത്), പുതുമുഖം- സിദ്ധാര്‍ത്ഥ് രാജന്‍ (അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍), ഗാനരചയിതാവ്- പ്രഭാവര്‍മ്മ (ഉള്‍ക്കനല്‍), സംഗീത സംവിധാനം- ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ (ഉള്‍ക്കനല്‍), പുതുമുഖ സംഗീത സംവിധായകന്‍- അജയ് ജോസഫ് (അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍), ബെസ്റ്റ് ഫാമിലി ത്രില്ലര്‍ ചിത്രം- അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ (സംവിധാനം: സോമന്‍ അമ്പാട്ട്), ബെസ്റ്റ് സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഫിലിം- മാടന്‍ (സംവിധാനം: ആര്‍. ശ്രീനിവാസന്‍) എന്നിവയാണ് പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍.

ചലച്ചിത്ര സംവിധായകന്‍ സാജന്‍ ചെയര്‍മാനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിജയികളെ തിരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ രാജാവാര്യര്‍, ഡോ സൗമ്യ സനാതനന്‍, കലാമണ്ഡലം ശ്രീദേവി, അഡ്വ. രാജേശ്വരി ആര്‍ കെ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

സജിന്‍ ലാല്‍ ചെയര്‍മാനും, ബാലു കിരിയത്ത് രക്ഷാധികാരിയുമായ സത്യജിത്‌റേ ഫിലിം സൊസൈറ്റി കേരള ചാപ്റ്റര്‍ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഏപ്രില്‍ 10ന് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മാനിക്കും. ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കു പുറമേ സീരിയല്‍, ടെലി ഫിലിം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, സാഹിത്യ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ജൂറി അംഗങ്ങള്‍ പ്രഖ്യാപിച്ചു.