
വാഷിംഗ്‌ടൺ: സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് നല്ലതിനല്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക. യു എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ കഴിഞ്ഞ ദിവസം നിയമനിർമാതാക്കളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നത് ന്യൂഡൽഹി അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇതിനുമുൻപും ആവശ്യപ്പെട്ടിരുന്നു.
റഷ്യയുമായുള്ള നിക്ഷേപം നല്ല തീരുമാനമല്ലെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ഓസ്റ്റിൻ പറഞ്ഞു. യുക്രെയിൻ വിഷയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ച ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച കോൺഗ്രസിലെ അംഗവും ഇന്ത്യയുടെ സുഹൃത്തുമായ ജോ വിൽസന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലോയിഡ് ഓസ്റ്റിൻ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും അമേരിക്കയുടെ സഖ്യകക്ഷിയുമായ ഇന്ത്യ മറ്റ് സഖ്യകക്ഷികളുടെ തീരുമാനങ്ങളെ മറിക്കടന്ന് റഷ്യൻ ആയുധങ്ങൾ തിരഞ്ഞെടുക്കുന്നു. ഇതിലൂടെ റഷ്യയുമായി ഇന്ത്യ അണിച്ചേരുകയാണെന്നും ജോ വിൽസൻ പറഞ്ഞു. പുടിനെ എതിർക്കുന്നതിനും മറ്റ് ജനാധിപത്യ കക്ഷികളുമായി ഒത്തുചേരുന്നതിനുമായി എന്ത് ആയുധങ്ങളാണ് ഇന്ത്യയ്ക്ക് നൽകേണ്ടതെന്നും വിൽസൻ ചോദിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച നൂതന ആയുധസംവിധാനങ്ങൾ അമേരിക്കയ്ക്കുണ്ട്. അതിനാൽ തന്നെ മികച്ച വാഗ്‌ദാനങ്ങൾ ഇന്ത്യയ്ക്ക് നൽകാനാവുമെന്നും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പറഞ്ഞു.