uma

നിങ്ങൾ കഴിക്കുന്ന ഭക്ഷണം പ്രപഞ്ചത്തെ ബാധിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് യോഗ പരിശീലകയും ഡയറ്റീഷ്യനുമായ ഉമാ കല്യാണി പറയുന്നത്. ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ഉമ കല്യാണിക്ക് പറയാനുള്ളത് ഇതാണ്...

'നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല പ്രപഞ്ചത്തിന്റെ താളത്തിനെയും ജീവജാലങ്ങളുടെ നിലനില്പിനെയും ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണത്തിന്റെയോ കുടിവെള്ളത്തിന്റെയോ ഓരോ അംശവും പ്രപഞ്ചത്തിന്റെ ഭാഗമാണ്. ആഗോളതാപനവും ഭൂമിയിലെ വറ്റിക്കൊണ്ടിരിക്കുന്ന സ്രോതസ്സുകളും മനുഷ്യരാശിയുടെ നിലനിൽപിന് ഒരു വെല്ലുവിളിയാണ്.'

ഭക്ഷണത്തോടും അത് നമുക്ക് നൽകുന്ന പ്രപഞ്ചത്തോടും നന്ദിയുള്ളവരായിരിക്കാൻ നമുക്ക് കഴിയുമോ?

'സുസ്ഥിര പോഷണം എല്ലാവർക്കും ഉറപ്പുവരുത്തുക വഴി എല്ലാവർക്കും പോഷക സമ്പന്നമായ ഭക്ഷണം ലഭ്യമാക്കാനും പോഷകക്കുറവ് പരിഹരിക്കാനും ജീവിതശൈലീ രോഗങ്ങളകറ്റാനും ഭൂമിയിലെ പരിമിതമായ സ്രോതസ്സുകളെ പാഴാക്കാതെ സാധിക്കും.

ഒരു വ്യക്തിയായും കൂട്ടായും നമുക്കെന്തു ചെയ്യാം?

നമ്മുടെ ശരീരത്തെയും മനസിനെയും പോഷിപ്പിക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ അത് മൈൻഡ്ഫുൾ ആയി കഴിക്കാം.

വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുക.

പ്രകൃതി ദത്തമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ പരമാവധി ഒഴിവാക്കുക. പാടങ്ങളിൽ നിന്നും നമ്മുടെ തീന്മേശകളിലേക്കുള്ള ആഹാരപദാർത്ഥങ്ങളുടെ ദൂരം കുറയ്ക്കുക. ഭക്ഷ്യവസ്തുക്കളുടെ നിറവും മണവും രുചിയും കൂട്ടാനും സംഭരണ ശേഷി വർദ്ധിപ്പിക്കാനുമാണ് അവ സംസ്‌കരിക്കുന്നത്. എന്നാൽ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ പ്രകൃതി ദത്തമായ ഗുണവും മണവും നഷ്ടപ്പെടുക മാത്രമല്ല പോഷക ഗുണം കുറയുകയും, ഇത് സംസ്‌കരിക്കുന്ന കൂറ്റൻ ഫാക്ടറികളിൽ നിന്നുയരുന്ന വാതകങ്ങളും മറ്റു മാലിന്യങ്ങളും ഭൂമിയിലെ ജലസ്രോതസ്സുകളെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു.

ഭക്ഷണം കഴിക്കുന്നതിന്ന് മുൻപായി വിഭവങ്ങൾ തന്ന പ്രകൃതിയെയും അത് കൃഷി ചെയ്ത കർഷകനെയും അത് പാകം ചെയ്ത വ്യക്തിയെയും നന്ദിയോടെ സ്മരിക്കാം.

നാം കുടിക്കുന്ന വെള്ളം നദികളുടെ വരദാനമാണെന്നും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും സസ്യങ്ങളുടെ വരദാനമാണെന്നും അത് പാഴാക്കരുതെന്നുമോർക്കാം.

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പയറുപരിപ്പ് വർഗ്ഗങ്ങളും വിത്തുകളും കടൽ മത്സ്യങ്ങളുമടങ്ങിയ വൈവിധ്യവും പോഷകസമ്പന്നവുമായ ആഹാരരീതി ശീലിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്താനും ജീവിതശൈലി രോഗങ്ങളകറ്റാനും ഭൂമിയിലെ ജൈവവൈവിധ്യം നിലനിർത്താനും സഹായിക്കുന്നു.

മാറ്റം വീട്ടിൽ നിന്നും ആരംഭിക്കാം.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങളും ആരോഗ്യശീലങ്ങളും വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പച്ചക്കറിത്തോട്ടങ്ങളുണ്ടാക്കുക, വീട്ടിൽ പാചകം ചെയ്തതും കൃത്രിമനിറങ്ങളും രാസവസ്തുക്കളും ചേർക്കാത്ത ഭക്ഷണവും കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ശാരീരിക വ്യായാമം മുടങ്ങാതെ ചെയ്യുക, ഭക്ഷണവും വെള്ളവും പാഴാക്കാതെയിരിക്കുക, എന്നീ ശീലങ്ങൾ വളർത്തിയെടുക്കുക.

വർദ്ധിച്ചുവരുന്ന പായ്ക്കറ്റ് ഫുഡ്കളുടെ ഉപയോഗവും കലോറിമൂല്യം കൂടിയതും പോഷകമൂല്യം കുറഞ്ഞതുമായ ഭക്ഷണരീതികൾ നമ്മുടെ വരും തലമുറയുടെ ആരോഗ്യത്തെ മാത്രമല്ല പ്രപഞ്ചത്തിന്റെ തന്നെ താളം തെറ്റിക്കാൻ കാരണമാകുന്നു. ഇത് നാം മനസിലാക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.

ഓരോ വ്യക്തിയുടെ ശീലങ്ങളും സാമൂഹിക പെരുമാറ്റങ്ങളും അവരുടെ ആരോഗ്യത്തിനേയും മനുഷ്യരാശിയുടെ നിലനില്പിനെയും ഭൂമിയുടെ ജൈവ വൈവിധ്യത്തെയും സ്വാധീനിക്കുന്നു. 'നമുക്ക് കൈ കോർക്കാം ജാഗരൂകരാകാം, നമ്മുടെ ആരോഗ്യത്തിനായും നമ്മുടെ പ്രപഞ്ചത്തിനായും'.