
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയായ 'പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ)', കൊവിഡ് കാലത്ത് രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിന്റെ തോത് വർദ്ധിക്കുന്നത് തടയാൻ സഹായിച്ചുവെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പഠനം.
2019 ൽ ഇന്ത്യയിൽ കടുത്ത ദാരിദ്ര്യം ഒരു ശതമാനത്തിൽ താഴെയായിരുന്നു. 2020 ലെ കൊവിഡ് കാലത്തും ആ നിരക്ക് വർദ്ധിക്കാതെ ഒരു ശതമാനത്തിൽ തന്നെ പിടിച്ചു നിർത്താൻ ഈ പദ്ധതിക്കായി എന്നുമാണ് ഐഎംഎഫിന്റെ 'പാൻഡമിക്, പോവർട്ടി ആൻഡ് ഇനിക്വാളിറ്റി: എവിഡൻസ് ഫ്രം ഇന്ത്യ' എന്ന പഠന റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയിലെ കടുത്ത ദാരിദ്ര്യത്തിന്റെ അളവ് പിടിച്ചു നിറുത്തുന്നതിൽ പിഎംജികെഎവൈ പദ്ധതി നിർണായകമായിരുന്നു. കൊവിഡ് പാവപ്പെട്ടവരിൽ ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിൽ നിന്ന് അവരെ ഒരു പരിധി വരെ സംരക്ഷിക്കാൻ പദ്ധതിക്കായി എന്നും റിപ്പോർട്ടിൽ പറയുന്നു.
2020 മാർച്ച് 26 നാണ് പിഎംജികെഎവൈ പദ്ധതി രാജ്യത്ത് പ്രഖ്യാപിച്ചത്. ഇത് 2022 സെപ്തംബർ വരെ നീട്ടിയതായി കഴിഞ്ഞ മാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ കീഴിൽ മാസം അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പും ഒരു കിലോ പയറുമാണ് മുൻഗണനാ വിഭാഗത്തിലുള്ള ഓരോ കുടുംബത്തിനും റേഷൻ കടകൾ വഴി ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയാണിത്.