photo

നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം എന്നതാണ് ഈ ലോകാരോഗ്യദിനത്തിൽ ലോകാരോഗ്യ സംഘടനയുടെ സന്ദേശം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലായിരിക്കണം ഇത്ര വ്യാപ്തിയുള്ള ഒരു വിഷയം തിരഞ്ഞെടുത്തത് .

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 99 ശതമാനം ആളുകളും മലീമസമായ വായുവാണ് ശ്വസിക്കുന്നത് . ലോകത്തെമ്പാടും ഓരോ വർഷവും സംഭവിക്കുന്ന 1.3 കോടി മരണങ്ങൾ പാരിസ്ഥിതികമായ കാരണങ്ങൾ കൊണ്ടാണ്. ലോകത്ത് പ്രത്യേകിച്ചും വികസ്വരരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കുന്ന രോഗമാണ് ഹൃദ്രോഗം. വികസിതരാജ്യങ്ങളിൽ ഇത് അർബുദമായേക്കാം. ഈ രണ്ട് രോഗങ്ങളുടെയും പ്രധാന കാരണം വായുമലിനീകരണമാണ്. അടുത്തകാലത്ത് നടന്ന പഠനങ്ങൾ കാണിക്കുന്നത് ഹൃദ്രോഗത്തിനുള്ള ഏറ്റവും പ്രധാന കാരണം വായുമലിനീകരണമാണെന്നാണ്. കൊവിഡിനെ തുടർന്നുണ്ടായ ലോക് ഡൗൺ സമയത്ത് വായുമലിനീകരണ തോത് കുറഞ്ഞത് ഹൃദ്രോഗനിരക്ക് കുറച്ചു.

വികസ്വരരാജ്യങ്ങളിലെ അർബുദങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്നത് ശ്വാസകോശാർബുദമാണ്. രോഗത്തിന് പ്രധാനകാരണം പുകവലിയാണ്. പെട്രോളിയം ഉത്പന്നങ്ങൾ കാരണമുള്ള മലിനീകരണത്തിന് പുറമേ പുകവലിയിലൂടെ മനുഷ്യൻ അവന്റെ ശ്വാസകോശത്തിലേക്ക് മലിനവായു കടത്തിവിടുകയാണ് .

ഇതോടൊപ്പം 'ഏകാരോഗ്യം ഏകലോകം' എന്ന ആശയം പ്രാധാനമാണ്. ഏകാരോഗ്യം എന്നത് മനുഷ്യന്റെ ആരോഗ്യം മാത്രമല്ല, സ്വന്തം ആരോഗ്യം മാത്രം ഉറപ്പാക്കി മനുഷ്യന് പൂ‌ർണ ആരോഗ്യവാനാകാൻ കഴിയില്ല. കാരണം മനുഷ്യനും ജീവജാലങ്ങളും ഇടകലർന്നാണ് ജീവിക്കുന്നത്. അതുകൊണ്ട് ഏത് സമയത്തും പകർച്ചവ്യാധികൾ മനുഷ്യനിലേക്കെത്താം.

ലോകചരിത്രത്തിലെ മഹാമാരികളിൽ ഏതാണ്ടെല്ലാം തന്നെ മൃഗങ്ങളിൽ നിന്നോ ജീവികളിൽ നിന്നോ മനുഷ്യനിലേക്ക് കടന്നിട്ടുള്ളതാണ്. മനുഷ്യൻ വളരെയധികം യാത്ര ചെയ്യുകയും മനുഷ്യന്റെ എണ്ണം വളരെയധികം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടായ മൃഗജന്യപകർച്ചരോഗങ്ങൾ മൃഗങ്ങളിൽ നിന്ന് വേഗത്തിൽ മനുഷ്യരിലേക്ക് പകരും. അവ അത്യന്തം പ്രഹരശേഷിയുള്ളതാണെങ്കിൽ അതിനെ സ്പിൽ ഓവർ എന്നാണ് പറയുക. ഇത്തരം സ്പിൽ ഓവറുകൾ വളരെ വേഗത്തിൽ വ്യാപിക്കും. അങ്ങനെ ലോകത്തെ മുഴുവൻ കീഴടക്കുന്ന മഹാമാരികളായി തീർന്നേക്കാം. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ വിലയിരുത്തുമ്പോൾ ഇന്ന് ജീവിച്ചിരുന്ന ആളുകളുടെ കാലഘട്ടത്തിൽ തന്നെ ഒരു മഹാമാരികൂടിയെങ്കിലും ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ പ്രവചനം.

വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, കൊതുക് എന്നിവയുമായി ബന്ധപ്പെട്ടും മഹാമാരികളുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൃഗങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കുക, അവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരുന്നത് തടയുക.

വെല്ലുവിളിയായി

ആന്റിബയോട്ടിക്കുകൾ

മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന പ്രധാനഘടകം ആന്റി ബയോട്ടിക്കുകളാണ്. നമ്മൾ ഉപയോഗിക്കുകയും മൃഗങ്ങൾക്കും സസ്യങ്ങൾക്കും നല്‌കുകയും ചെയ്യുന്ന ആന്റിബയോട്ടിക്കുകളും ഘടനയിൽ ആന്റിബയോട്ടിക്കുകളോട് സാമ്യമുള്ളവയും പ്രകൃതിയിലെ സൂക്ഷ്മാണുക്കളുടെ സ്വഭാവത്തെ മാറ്റുന്നുണ്ട്. ഒരുകാലത്ത് മരുന്നുകൾകൊണ്ട് നമുക്ക് നേരിടാൻ കഴിഞ്ഞിരുന്ന സൂക്ഷ്‌മാണുക്കളുടെ വകഭേദങ്ങൾ ആന്റിബയോട്ടിക്കുകൾക്ക് പിടിതരുന്നില്ല. അതുകൊണ്ടുതന്നെ മരുന്നില്ലെന്ന കാരണത്താൽ അണുബാധകൾ കൊണ്ട് ഭാവിയിൽ ആളുകൾ മരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോൾത്തന്നെ മരുന്നുകൾക്ക് പിടികൊടുക്കാത്ത ക്ഷയരോഗം വ്യാപകമാണ്.

ഒരുകാലത്ത് മരുന്നുകളില്ലാത്ത പകർച്ച വ്യാധികൾക്കും മഹാമാരികൾക്കും ഉള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകൾ ഏറ്റവും ഔചിത്യപൂർവം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക. കൂടുതൽ ആരോഗ്യത്തോടെ മനുഷ്യരാശി നിലനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തവണത്തെ ലോക ആരോഗ്യദിനം മുന്നോട്ടുവയ്‌ക്കുന്ന ആശയം.

തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ