
വാഷിംഗ്ടൺ : യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് മറുപടിയായി റഷ്യൻ കയറ്റുമതി ഉത്പന്നങ്ങളിൽ പ്രത്യേകിച്ച് എണ്ണ,ഗ്യാസ് എന്നിവയിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പാളുന്നു. പ്രധാനമായും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ തീരുമാനിച്ചതാണ് അമേരിക്കയ്ക്ക് തിരിച്ചടിയായത്. ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് അമേരിക്ക സ്വീകരിച്ചത്. ശാസനയും, മുന്നറിയിപ്പും ഒക്കെ നടത്തിയെങ്കിലും ഇന്ത്യ കുലുങ്ങിയിരുന്നില്ല. ഇതോടെ സ്വരം മാറ്റിയിരിക്കുകയാണ് അമേരിക്ക ഇപ്പോൾ.
റഷ്യയുടെ മൊത്തം എണ്ണ വ്യാപാരത്തിൽ കേവലം ഒന്ന് മുതൽ രണ്ട് ശതമാനം വരെ മാത്രമേ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുള്ളു എന്നാണ് അമേരിക്ക ഇപ്പോൾ വെളിപ്പെടുത്തുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയാണ് ഈ അഭിപ്രായം പറഞ്ഞത്. ഞങ്ങൾ നടപ്പിലാക്കുന്നതുമായ ഉപരോധങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണം എന്നതാണ് തങ്ങളുടെ താത്പര്യമെന്ന അമേരിക്കയുടെ നിലപാടിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകുകയാണ് അമേരിക്ക ഇപ്പോൾ. എന്നാൽ റഷ്യയുമായുള്ള വ്യാപാരം ഡോളറിനെ കൈവിട്ട് റൂബിളിൽ നടത്തണമെന്ന പുടിന്റെ ആവശ്യം അമേരിക്കയ്ക്ക് സ്വീകാര്യമല്ല.
റഷ്യയിൽ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താൽപ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി മുൻപ് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യമാണ് സാകിയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായാണ് റഷ്യയ്‌ക്കെതിരെ വാഷിംഗ്ടൺ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കുമെന്ന് യു എസ് പ്രതീക്ഷിക്കുന്നതായി പ്രസ്താവിച്ചത്.
റഷ്യയിൽ നിന്നും അമേരിക്ക ഇപ്പോഴും എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഇതിന്റെ അളവ് വർദ്ധിപ്പതായും അടുത്തിടെ റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി മിഖായേൽ പോപോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എണ്ണ ഇറക്കുമതി വലിയ അളവിൽ വർദ്ധിപ്പിക്കാൻ അമേരിക്കൻ കമ്പനികൾ തയ്യാറായി എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്നും സമ്മർദ്ദം നേരിടുമ്പോഴും റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതി നിർത്താതെയുള്ള ഇന്ത്യൻ നയതന്ത്രത്തിന് പാകിസ്ഥാനിൽ നിന്നുപോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.