
കൊളംബോ: ശ്രീലങ്കയിലെ പ്രതിസന്ധി കൂടുതൽ വഷളാകുന്നു. രാജ്യത്ത് സെെനികരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന വേളയിലാണ് നടുറോഡിൽ വച്ച് പൊലീസും സൈന്യവും പരസ്‌പരം വാക്കേറ്റം നടത്തിയത്.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മുഖം മൂടി ധരിച്ചെത്തിയ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം നടന്നത്. പാർലമെന്റിനു സമീപം നടന്ന പ്രതിഷേധ മാർച്ചിനിടയിലേക്കാണ് ഒരു കൂട്ടം സൈനികർ മുഖം മൂടി ധരിച്ചെത്തിയത്.
ബെെക്കുകളിലെത്തിയ ഇവരുടെ പക്കൽ തോക്കുകളുമുണ്ടായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇവരെ തടഞ്ഞതോടെ സ്ഥലത്ത് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.