പാർവതിയും ലക്ഷ്മിയും തൊട്ടടുത്തിരുന്ന് ചിരിക്കുമ്പോൾ അമ്മ സീതയുടെ മനസ് നിറയും. അപൂർവമായി മാത്രം ചിരി തെളിയുന്ന ആ മുഖത്ത് കണ്ണീർത്തിളക്കമുള്ള ഓർമ്മകൾ പടരും. ആ യാത്രയിൽ വേദനകൾ ഏറെയുണ്ടായിരുന്നെങ്കിലും ഓർക്കാപ്പുറത്ത് ഓരോ വഴിയിലും തെളിഞ്ഞ വെളിച്ചപ്പൊട്ടുകളെല്ലാം സീത മറക്കാതെ മനസിൽ സൂക്ഷിച്ചിട്ടുണ്ട്. എവിടെ എത്തിച്ചേരുമെന്ന് ഒരുറപ്പുമില്ലാത്ത ജീവിതയാത്രയായിരുന്നെങ്കിലും ഇരുൾമൂടാനെത്തിയ കാർമേഘങ്ങളെയെല്ലാം മായ്ച്ചു കൊണ്ട് ഇന്ത്യൻ എൻജിനിയറിംഗ് സർവീസ് (ഐ.ഇ.എസ്) പരീക്ഷയിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ മികച്ച റാങ്കുകളുമായി ഈ മിടുക്കികളായ ഇരട്ടകൾ അമ്മയോടൊപ്പം ചേർന്നിരിക്കുന്നു. ശബ്ദങ്ങൾ അന്യമായ ലോകത്തു നിന്നാണ് ഈ പെൺകുട്ടികളെ മികവിന്റെ ഉയരങ്ങളിലേക്ക് സീത നിശ്ചയദാർഢ്യം കൊണ്ടു മാത്രം പറത്തിവിട്ടത്.
''അമ്മയാണ് ഞങ്ങളുടെ വിജയരഹസ്യം. ഞങ്ങൾ സാധാരണ കുട്ടികൾക്കൊപ്പം പഠിക്കണമെന്ന് അമ്മയായിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്."" ലക്ഷ്മി പാർവതിമാർ ഒരേ സ്വരത്തിൽ പറയുമ്പോൾ സ്നേഹത്തോടെ സീത അത് തിരുത്തും.
''എന്തു പഠിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. നൂറുശതമാനവും കേൾവി ഇല്ലാത്ത കുട്ടികളായിട്ടും അവർ സ്വപ്രയത്നം കൊണ്ടാണ് മുന്നോട്ടുപോയത്. പഠിപ്പിക്കുന്നത് കേൾക്കുമ്പോഴല്ലേ നമ്മൾ മനസിലാക്കുന്നത്. അതൊരു വലിയ പരിമിതിയായിട്ടും അവർ ഒരിക്കൽ പോലും തളർന്നില്ല. ഒന്നിനും ടെൻഷനടിക്കാറുമില്ല. വായിച്ചു വായിച്ച് മനസിലാക്കിയെടുക്കും. അവർ അനുഭവിച്ചു വന്ന ജീവിതത്തിന്റെ അത്ര കഷ്ടപ്പാടൊന്നും എനിക്കുണ്ടായിട്ടില്ല. അവർക്ക് വഴി കാണിച്ചു കൊടുത്തു, ഏതൊരമ്മയെ പോലെ തന്നെ. മുന്നോട്ട് നടന്നത് അവരുടെ മനസും സമർപ്പണവും കൊണ്ടു മാത്രമാണ്. അവർ ഇപ്പോൾ സംസാരിക്കുന്നതു കേൾക്കുമ്പോൾ തന്നെ മനസ് നിറയും.""
തിരുമലയിലെ 'ശ്രകവൈകുണ്ഠം" എന്ന വീട്ടിലിരുന്ന് ദൈവങ്ങളുടെ പേരുള്ള മക്കൾക്കൊപ്പമിരുന്ന് ഒരുപാട് കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പ്രചോദനമായ ആ ജീവിതകഥ അവർ പറഞ്ഞു. കേട്ടിരിക്കാൻ മൂത്തമകൻ വിഷ്ണുവും ഭാര്യ ഐശ്വര്യയും മകൾ അമേയയും ഒപ്പമുണ്ട്.
ഒരു നിമിഷം പോലും സങ്കടപ്പെട്ടിരുന്നില്ല
ഇരട്ടക്കുഞ്ഞുങ്ങളാണ് ഉദരത്തിലുള്ളതെന്ന് അറിഞ്ഞതുമുതൽ സീതയ്ക്ക് ആശങ്കയുണ്ടായിരുന്നു. മൂത്തമകൻ വിഷ്ണുവിനും ബധിരതയുണ്ട്. ഭാഗികമായി സീതയ്ക്കും അതേ പ്രശ്നമുണ്ട്. സീത പേടിച്ചതു പോലെ സംഭവിച്ചു. പൊന്നോമനകൾക്ക് നൂറുശതമാനം കേൾവിക്കുറവുണ്ടെന്നറിഞ്ഞപ്പോൾ തന്നെ സന്തോഷമെല്ലാം കെട്ടുപോയി. കേൾവിക്കുറവുള്ള കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്ന നിഷ് എന്ന സ്ഥാപനത്തെക്കുറിച്ച് ആയിടെയാണ് കേട്ടത്. ഒന്നരവയസ് പ്രായമുള്ള തീരെ ചെറിയ രണ്ടുകുഞ്ഞുങ്ങളുമായുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, എത്ര പ്രയാസങ്ങൾ നേരിട്ടാലും മുന്നോട്ട് എന്നു തന്നെ മനസിലുറപ്പിച്ചു. ബന്ധുക്കൾ ആവശ്യമായ പിന്തുണ നൽകി കൂടെ നിന്നു. അതിന്റെ പിന്നാലെയായിരുന്നു ഭർത്താവ് അജികുമാറിന്റെ വിയോഗം. ഒന്നും ഓർത്ത് സങ്കടപ്പെട്ടിരിക്കാൻ ഒരു നിമിഷം പോലും മുന്നിലുണ്ടായിരുന്നില്ല.

കാരണം മൂന്നുകുഞ്ഞുങ്ങളെയും കൊണ്ട് മുന്നോട്ട് പോകണം, അവരെ പഠിപ്പിക്കണം, ജീവിതത്തിന് വഴി കാണിച്ചു കൊടുക്കണം. തളർന്നിരുന്നാൽ താങ്ങുണ്ടാകില്ല. കുഞ്ഞുങ്ങളോട് കൂടുതൽ കൂടുതൽ സംസാരിക്കണമെന്നായിരുന്നു നിഷിൽ നിന്നുള്ള നിർദ്ദേശം. ചുണ്ടനക്കങ്ങൾ കണ്ട് ആശയവിനിമയം സാദ്ധ്യമാക്കാനായിരുന്നു അത്. എത്രത്തോളം സംസാരിക്കാൻ കഴിയുമോ അത്രയും സംസാരിക്കണം. രണ്ടുപേരോടും ഒരേ സമയം സംസാരിക്കണമെന്നത് വെല്ലുവിളിയായിരുന്നെങ്കിലും സീത പതിയെ പതിയെ ആ ശീലം സ്വായത്തമാക്കി. ഉച്ചവരെ സ്കൂളിൽ കുട്ടികൾക്കൊപ്പം. ക്ളാസ് കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം വൈകീട്ട് പരിശീലനം തുടരും. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പാഠങ്ങളായിരുന്നു അവയെല്ലാം. നിഷിൽ പഠനം സൗജന്യമായിരുന്നു. അഞ്ചുവയസ് വരെ അവിടെ തുടർന്നു. നിഷിൽ നിന്നും സ്പീച്ച് തെറാപ്പി പൂർത്തിയായതോടെ പകുതി ആത്മവിശ്വാസം കൈവന്നതായി സീത പറയുന്നു. കേൾക്കാൻ കഴിയാത്ത ഭാഷ ചുണ്ടനക്കം കണ്ടു പറയാമെന്നായതോടെ സാധാരണ സ്കൂളിലേക്ക് മാറാമെന്ന നിലയിലായി. കുട്ടികളെ വളർത്തുന്നതിനുള്ള സീതയുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഒരു ഡോക്ടർ ദമ്പതികൾ രണ്ടുപേർക്കുമുള്ള പഠനസഹായം അന്നുമുതലേ നൽകുന്നുണ്ടായിരുന്നു. ആയിടയ്ക്ക് ജില്ലാ കളക്ടറുടെ നിയമനം വഴി വെള്ളയമ്പലം പബ്ളിക്ക് ഓഫീസിൽ ക്ളാർക്കായി സീതയ്ക്ക് ജോലി കിട്ടിയത് വലിയ ആശ്വാസമായി.

ഇപ്പോൾ സൂപ്രണ്ടാണ്. ജോലി കിട്ടി, ഇനി മുന്നോട്ട് പൊയ്കൊള്ളാമെന്ന് പറഞ്ഞിട്ടുപോലും ലക്ഷ്മിക്കും പാർവതിയ്ക്കുമുള്ള സഹായം അവർ മുടക്കിയില്ല. ഇങ്ങനെ തീരെ പ്രതീക്ഷിക്കാത്ത വഴികളിൽ നിന്നുപോലും ആവശ്യമുള്ളപ്പോഴെല്ലാം സഹായം ലഭിച്ചിരുന്നതായി സീത ഓർക്കുന്നു. മനസിലെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ പോലും അധികം വൈകാതെ അവയെല്ലാം പരിഹരിക്കപ്പെടാറുണ്ട്.
സ്നേഹവലയം തീർത്ത
അദ്ധ്യാപകർ
കേൾവിക്കുറവുള്ള കുട്ടികളെ സാധാരണ സ്കൂളുകളിൽ ചേർക്കുമ്പോൾ ചോദ്യങ്ങളുയരുന്ന രീതി അന്നുമുതലേ ഉണ്ടായിരുന്നു. എന്നാൽ പേയാട് കണ്ണശ്ശമിഷൻ സ്കൂൾ ലക്ഷ്മിയെയും പാർവതിയെയും രണ്ടുകൈയും നീട്ടി സ്വീകരിച്ചു. സ്നേഹനിധികളായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ അവർ നന്നായി പഠിച്ചു. വഴികാട്ടിയായ ചേട്ടൻ വിഷ്ണുവും കൂടെ തന്നെയുണ്ടായിരുന്നു. പഠനത്തിൽ ബുദ്ധിമുട്ടുകൾ ഏറെ നേരിട്ട വിഷ്ണു പരിശ്രമം കൊണ്ടാണ് അവയെ അതിജീവിച്ചത്. അഞ്ചുമുതൽ പന്ത്രണ്ടാം ക്ളാസ് വരെ പാർവതിയും ലക്ഷ്മിയും വിഷ്ണു പഠിച്ച തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം രണ്ടുപേരും എൻട്രൻസ് എഴുതി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ പ്രവേശനം നേടി. വിഷ്ണുവും ഇവിടെ നിന്നായിരുന്നു സിവിൽ എൻജിനിയറിംഗ് പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കിയശേഷം ലക്ഷ്മി എംടെക്ക് നേടിയപ്പോൾ പാർവതി മറ്റു പഠനവഴികളിലേക്ക് പോയി. ഇപ്പോൾ ജലസേചനവകുപ്പിൽ അസി. എൻജിനിയറാണ് ലക്ഷ്മി, കോട്ടയത്ത് തദ്ദേശഭരണവകുപ്പിൽ ജൂനിയർ എൻജിനിയറായി പാർവതിയും ജോലി ചെയ്യുന്നു. കേന്ദ്രമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനിയറായി പാർവതിക്ക് ജോലി ലഭിച്ചിരുന്നു. വിഷ്ണു അസിസ്റ്റന്റ് എൻജിനിയറും ഭാര്യ ഐശ്വര്യ ഗ്രാമവികസനവകുപ്പിലുമാണ്.
മൂന്നാംവട്ടം കയ്യിലെത്തിയ
സ്വപ്നനേട്ടം
ബിടെക്ക് നേടിയതുമുതൽ ഇന്ത്യൻ എൻജിനിയറിംഗ് സർവീസ് പരീക്ഷ രണ്ടുപേരും എഴുതുന്നുണ്ടായിരുന്നു. ഐ.ഇ.എസ് ലഭിക്കുകയാണെങ്കിൽ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടെന്ന് പറഞ്ഞ് വിഷ്ണുവായിരുന്നു അവരെ പ്രോത്സാഹിപ്പിച്ചത്. 2019 മുതൽ പരീക്ഷ എഴുതുന്നുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ തവണയാണ് റാങ്ക് തിളക്കത്തോടെ രണ്ടുപേരും സ്വപ്നേട്ടം കയ്യെത്തിപ്പിടിച്ചത്. പാർവതി 74ാം റാങ്കും ലക്ഷ്മി 75ാം റാങ്കുമാണ് നേടിയത്. ഒരു കോച്ചിംഗ് സെന്ററിലും പരിശീലനത്തിന് പോയിരുന്നില്ല. ജോലിയുടെ ഇടവേളകളിലും രാത്രി വൈകിയും ഇരുന്ന് പഠിക്കും.

അവധിദിവസമുണ്ടെങ്കിൽ ആ സമയവും വിനിയോഗിക്കും. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ തലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യരണ്ടു പരീക്ഷകളും തിരുവനന്തപുരത്തും അഭിമുഖം ഡൽഹിയിലുമായിരുന്നു. അഭിമുഖത്തിന് ഇന്റർപ്രിട്ടറുടെ സഹായം ലഭിച്ചിരുന്നു. ചില ചോദ്യങ്ങൾ വ്യക്തമാക്കുന്നതിനായി ഇന്റർവ്യൂ ബോർഡ് ടൈപ്പ് ചെയ്താണ് ചോദിച്ചത്. ചില ഉത്തരങ്ങൾ ടൈപ്പ് ചെയ്താണ് ഇരുവരും പറഞ്ഞതും. അഭിമുഖത്തിന് ശേഷം വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മിയും പാർവതിയും ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ ആ കഷ്ടപ്പാടുകൾക്ക് തൊട്ടടുത്ത റാങ്കുകളിലായി കാലം ആ മധുരസമ്മാനം അവർക്കു വേണ്ടി കാത്തുവച്ചു.
ഈ മിടുക്കികളുടെ വിജയമറിഞ്ഞ് ഓരോ ദിവസവും അഭിനന്ദിക്കാൻ പലസ്ഥലങ്ങളിൽ നിന്നും തിരുമല ടി.വി. നഗറിലെ വീട്ടിലേക്ക് ആളുകൾ വരുന്നു. ശാരീരിക വെല്ലുവിളികളുള്ള കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് അവരിൽ കൂടുതലും. പരിമിതികളെ അതിജീവിച്ച് മഴവില്ല് പോലെ തെളിഞ്ഞു നിൽക്കുന്ന ലക്ഷ്മിയെയും പാർവതിയെയും കണ്ട്, അവരുടെ ജീവിതമറിഞ്ഞ് മടങ്ങുമ്പോൾ കണ്ണീർമാഞ്ഞ് പുഞ്ചിരിക്കുന്ന മുഖമായിരിക്കും. അതുകാണുമ്പോൾ സീതയുടെയും മക്കളുടെയും മുഖത്ത് ഒരു നിറകൺ പുഞ്ചിരി തെളിയും.
(ലേഖികയുടെ ഫോൺ: 9946107949)