
മലയാള കവിതയുടെ ജാതകം തിരുത്താൻ നിയോഗം ലഭിച്ച മയൂരവാഹനനായിരുന്നു കുമാരനാശാൻ. ആശാനിലൂടെയാണ്, കാവ്യനർത്തകി നവചക്രവാളങ്ങളിലേക്ക് ആനയിക്കപ്പെട്ടത്. ബാഹ്യമായ സംഘർഷങ്ങൾക്ക് പൊതുപ്രവർത്തനങ്ങളിലൂടെയും ആത്മസംഘർഷങ്ങൾക്ക് കവിതയിലൂടെയും പരിഹാരം കണ്ടെത്താൻ ആഗ്രഹിച്ച ആ ക്രാന്തദർശി, പ്രേമം ഉൾപ്പെടെയുള്ള ജീവിതകാമനകളെയാണ് കവിതയിലൂടെ അവതരിപ്പിച്ചത്. പ്രേമകവിതകളിലും മറ്റും കാണുന്ന രാഗചിത്രീകരണങ്ങൾക്കപ്പുറം പ്രപഞ്ചാവബോധത്തെ വികസിപ്പിക്കുവാനാണ് കുമാരനാശാൻ ആഗ്രഹിച്ചത്. വിരഹമെന്ന സന്തതസഹചാരിയെക്കുറിച്ചുള്ള തിരിച്ചറിവിലേക്കും അദ്ദേഹത്തിന്റെ നായികമാർ എത്തപ്പെടുന്നു.
സഹജാമലരാഗമേ, മനോ-
ഗുഹയേലും സ്ഫുടരത്നമാണു നീ
എന്നു സമാധാനിക്കാനും അവർ ചിലപ്പോൾ ശ്രമിക്കും. മൃത്യു, സ്വാതന്ത്ര്യം തുടങ്ങിയ പ്രമേയങ്ങളും കവിയ്ക്കു പ്രിയപ്പെട്ടതായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ (1873), സാമൂഹികശാസ്ത്രജ്ഞന്മാർ മധ്യവർഗമെന്നു വിശേഷിപ്പിക്കാറുള്ള ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച കായിക്കര കെ.എൻ. കുമാരൻ, മഹാകവി കുമാരനാശാനായി വളർന്നതിനു കർമ്മകുശലതയുടെയും പ്രതിഭാവിലാസത്തിന്റെയും ഗുരുകടാക്ഷത്തിന്റെയും അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിനു പുറമേ, സംസ്കൃതത്തിലും കൃത്യമായ പരിജ്ഞാനമുണ്ടായിരുന്ന ആ യുവാവ്, സ്തോത്രകൃതികളിലൂടെയാണ്, കാവ്യലോകത്തേക്കു കടന്നുവന്നത്. ശ്രീനാരായണ ഗുരുവുമായുള്ള സംവാദങ്ങളും അനുയാത്രകളും അരുവിപ്പുറത്തെ ബ്രഹ്മചര്യവാസവും വൈകാതെ കുമാരനെ ഒരു ചിന്നസ്വാമിയാക്കി.
ഇരുപത്തിമൂന്നാം വയസിലാണ് ബാംഗ്ലൂരിലെ ചാമരാജേന്ദ്ര സംസ്കൃതകോളേജിൽ ഡോ. പല്പുവിന്റെ പിന്തുണയോടെ കുമാരൻ വിദ്യാർത്ഥിയായി ചേരുന്നത്. മൂന്നുവർഷത്തെ ന്യായവിദ്വാൻ കോഴ്സ് പൂർത്തിയാക്കുംമുൻപാണ് അവിചാരിത തടസങ്ങൾ ഉണ്ടാകുന്നത്. അബ്രാഹ്മണ വിദ്യാർത്ഥി, ബ്രാഹ്മണർക്കു വേണ്ടിയുള്ള കോഴ്സിൽ പഠനം തുടരുന്നതിൽ പരാതി ഉന്നയിച്ചവരെ, തൃപ്തിപ്പെടുത്തുവാൻ അധികൃതർക്കു ആ സമർത്ഥനായ വിദ്യാർത്ഥിയെ പുറത്താക്കേണ്ടതായി വന്നു. തുടർന്നു പഠിക്കാൻ മദിരാശിയിൽ എത്തിയെങ്കിലും അവിടെയും പഠനം പൂർത്തിയാക്കാനായില്ല. പ്ലേഗായിരുന്നു ഇത്തവണ കാരണം. പഠനം തുടരാൻ കൽക്കട്ടയിലേക്ക് പോകാൻ കുമാരന് കഴിഞ്ഞു. രവീന്ദ്രനാഥ ടാഗോറിന്റെയും വിവേകാനന്ദന്റെയും പ്രശസ്തിയിൽ കൽക്കട്ട അഭിമാനിച്ചിരുന്ന നാളുകളിലാണ് കുമാരൻ അവിടെ എത്തുന്നത്. ടാഗോറിനെയും വിവേകാനന്ദനെയും നേരിൽ കാണാൻ ആ യുവാവ് സ്വാഭാവികമായും ആഗ്രഹിച്ചു. ഇരുവരെയും ദർശിക്കുവാൻ കുമാരനു കഴിഞ്ഞുവെന്നതാണ് ജീവചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഭാരതീയ നവോത്ഥാനത്തിന്റെ തിരനോട്ടങ്ങൾ നേരിട്ടുകാണാൻ അങ്ങനെ കുമാരനാശാനും അവസരം ലഭിച്ചു. മാനവ സാഹോദര്യത്തിന്റെയും പ്രബുദ്ധതയുടെയും നവോത്ഥാനത്തിന്റെയും സാദ്ധ്യതകൾ നേരിട്ടറിയുവാൻ ഉത്കർഷേച്ഛുവായ ആ യുവാവിനും അവസരങ്ങൾ ലഭിച്ചു. അകാലത്തിൽ ഞെട്ടറ്റുവീണ ഒരു പൂവിന്റെ ദർശന ഭാഗ്യവും അക്കാലത്തായിരുന്നു. കൽക്കട്ടയെ ശോകമൂകമാക്കിയ, 1900ലെ പ്ലേഗുബാധയെ തുടർന്ന് പഠനം പൂർത്തിയാക്കാനാകാതെ വീണ്ടും കുമാരനാശാൻ നാട്ടിലേക്ക് മടങ്ങി.
സംഘടന കൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നീ മുദ്രാവാക്യങ്ങൾ, അധസ്ഥിതരായി മുദ്രകുത്തി മാറ്റിനിറുത്തപ്പെട്ട ഒരു സമുദായത്തെ ആവേശം കൊള്ളിച്ച നാളുകളിലായിരുന്നു കുമാരനാശാൻ നാട്ടിലേക്ക് തിരിച്ചെത്തിയത്. എസ്.എൻ. ഡി.പി യോഗത്തിന്റെ കാര്യദർശി സ്ഥാനം തുടർന്നു കുമാരനാശാൻ ഏറ്റെടുക്കുവാൻ നിർബന്ധിതനായി.
പതിനാറ് വർഷമാണ് കുമാരനാശാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഇക്കാലത്താണ് വീണപൂവും നളിനിയും ലീലയും പ്രരോദനവും ചിന്താവിഷ്ടയായ സീതയും പ്രസിദ്ധീകരിക്കുന്നത്. പൂർണസമയവും കവിതയ്ക്കായി മാറ്റിവയ്ക്കാൻ കുമാരനാശാന് കഴിഞ്ഞിരുന്നെങ്കിലോ എന്നു ചോദിച്ചവർ അക്കാലത്തും ഉണ്ടായിരുന്നു. സി.എസ് സുബ്രഹ്മണ്യൻ പോറ്റിയും നന്ത്യാർവീട്ടിൽ പരമേശ്വരൻ പിള്ളയും മാത്രമല്ല, ഏ.ആർ. രാജരാജവർമ്മയും ആശാൻ കവിതകളുടെ അസാധാരണത്വം അന്നേ തിരിച്ചറിഞ്ഞു. മൂർക്കോത്തു കുമാരനും കണ്ണൻ ജനാർദ്ദനനും ആ കവിതകളെ മുക്തകണ്ഠം പ്രകീർത്തിച്ചു.
ഉയർന്ന ജാതിക്കാരായി കരുതപ്പെട്ടിരുന്നവർ താഴ്ന്നവരായി മുദ്രകുത്തപ്പെട്ടവരോട് അക്കാലത്ത് കാണിച്ചിരുന്ന അനീതികളെ പ്രതിരോധിക്കാനുള്ള ഒരു പ്രസ്ഥാനമായി എസ്.എൻ.ഡി.പിയെ വളർത്തുന്നതിൽ പ്രജാസഭാംഗമെന്ന നിലയിലും വിവേകോദയം പത്രാധിപരെന്ന നിലയിലും യോഗം സെക്രട്ടറി എന്ന നിലയിലും കുമാരനാശാൻ വഹിച്ച പങ്ക് മാതൃകാപരമായിരുന്നു.
കുമാരനാശാന്റെ തലപ്പൊക്കത്തിൽ അസൂയപ്പെട്ടവരും എന്നാൽ അക്കാലത്ത് ഉണ്ടായിരുന്നു. അവർ അദ്ദേഹത്തെക്കുറിച്ച് അപവാദങ്ങൾ പരത്തി. ജാതീയമായ അവശതകൾക്കു പരിഹാരം കാണാൻ നിയമസഭാ പ്രസംഗങ്ങളും മുഖപ്രസംഗങ്ങളും മാത്രം പോരെന്നു വാദിച്ചിരുന്ന സമുദായ അംഗങ്ങളും കുമാരനാശാനെ നിശിതമായി വിമർശിച്ചിരുന്നു. ടി.കെ. മാധവനെപ്പോലുള്ള ആദർശശാലികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ദിവാനായിരുന്ന രാജഗോപാലാചാരിയെപ്പോലുള്ളവരുമായി കുമാരനാശാൻ പുലർത്തിയിരുന്ന സൗഹൃദമായിരുന്നു വിമർശകരെ പലപ്പോഴും ചൊടിപ്പിച്ചിരുന്നത്. സഹോദരൻ അയ്യപ്പനെപ്പോലുള്ളവർ ആശ്വസിപ്പിക്കാൻ അപ്പോഴും ഉണ്ടായിരുന്നു. എസ്.എൻ.ഡി.പിയുടെ കൈതമുക്കിലുള്ള ആസ്ഥാനമന്ദിര നിർമ്മാണത്തിൽ യോഗം സെക്രട്ടറി അഴിമതി കാണിച്ചുവെന്ന ആരോപണത്തിലേയ്ക്കു കാര്യങ്ങൾ എത്തിച്ചു. ഇക്കാലത്താണ് ചിന്താവിഷ്ടയായ സീത കുമാരൻ രചിച്ചത്. യതിയേക്കാൾ യമശാലിയായ രാഘവനിൽ ശ്രീനാരായണഗുരുവുണ്ടെന്ന് എസ്. ഗുപ്തൻ നായർ കണ്ടെത്തിയിരുന്നു.
അച്ഛനിൽ (എസ്. ഗുപ്തൻനായർ) നിന്നാണ് കുമാരനാശാനെ മനസിലാക്കാൻ ആദ്യമായി അവസരം ലഭിച്ചത്. കൊച്ചുകിളി, പൂക്കാലം, കുട്ടിയും തള്ളയും തുടങ്ങിയ ലഘുകവനങ്ങൾ അച്ഛൻ പാടിത്തന്നു. സ്കൂൾ വിദ്യാർത്ഥിയായിരുന്ന നാളുകളിൽ അദ്ധ്യാപകർ വീണപൂവും (1907), ചിന്താവിഷ്ടയായ സീതയും (1919) പരിചയപ്പെടുത്തി.
കുമാരനാശാനെക്കുറിച്ചുള്ള വിമർശനങ്ങൾ ശ്രദ്ധിക്കുന്നത് കോളേജ് വിദ്യാർത്ഥിയായിരുന്ന നാളുകളിലാണ്. കെ. സുരേന്ദ്രന്റെ 'മരണം ദുർബലം" കുമാരനാശാനെക്കുറിച്ചാണെന്ന് ആരോ പറഞ്ഞു. ഞങ്ങളുടെ അദ്ധ്യാപകനായിരുന്ന കെ.എം. ഡാനിയൽ സാർ അത് നിഷേധിച്ചു. മരണം ദുർബലം ഒരു ജീവചരിത്രനോവലല്ലെന്നു ഓർമ്മിപ്പിച്ചു. വീണപൂവ് കൺമുൻപിലും നളിനിയും നവചക്രവാളങ്ങളും എഴുതിയ നിരൂപകനെയായിരുന്നു ഞങ്ങൾക്കും വിശ്വാസം.
മനുഷ്യബന്ധങ്ങളെ വ്യത്യസ്തമായി കാണാൻ മലയാളികളെ പ്രേരിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാൻ. ഭാഷ അപൂർണമല്ലെന്ന ഓർമ്മിപ്പിച്ച രചനകളായിരുന്നു നളിനിയും (1911) ചിന്താവിഷ്ടയായ സീതയും (1919). വടക്കൻ പാട്ടുകളുടെയും മണിപ്രവാളത്തിന്റെയും അനായാസ പദ്യരചനകളുടെയും സമസ്യാപൂരണങ്ങളുടെയും ക്ഷണികപാരമ്പര്യങ്ങളിൽ നിന്നു മലയാള കവിതയെ മോചിപ്പിച്ച കവിയെച്ചൊല്ലി നമുക്കഭിമാനിക്കാം. രാജ്യസ്വാതന്ത്ര്യം പോലെ പ്രധാനമാണ്, ആത്മാവിന്റെ സ്വാതന്ത്ര്യമെന്ന ഓർമ്മിപ്പിച്ച ജ്ഞാനിയെ വണങ്ങാം. സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം എന്നെഴുതിയ ക്രാന്തദർശിയെ നമിക്കാം.