manju

മഞ്ജുവാര്യരുടെ തുടക്കകാലത്തിലെ ചിത്രങ്ങളിലൊന്നാണ് തൂവൽക്കൊട്ടാരം. വർഷമേറെ പിന്നിട്ടിട്ടും മലയാളി മനസിൽ ഇന്നും തൂവൽക്കൊട്ടാരവും അതിലെ ദേവപ്രഭയും അതേ തിളക്കത്തോടെ നിലനിൽപ്പുണ്ട്. ഇപ്പോഴിതാ ആ ചിത്രത്തിലേക്ക് മഞ്ജുവെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ പി വി ഗംഗാധരൻ. മഞ്ജുവിന്റെ അഭിനയം കാണുമ്പോൾ മോഹൻലാലിനെയാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

' തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കാനെത്തുന്നത് തളിപ്പറമ്പിൽ നിന്നാണ്. അന്ന് അവിടെയാണ് അവർ താമസിക്കുന്നത്. കോഴിക്കോട് വച്ചാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങളുടെ സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. അത് വളരെ സന്തോഷത്തോടെ അവർ സ്വീകരിച്ചു. പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോൾ അതൊന്നും ഞാൻ പറയില്ല,​ നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞത്.

നല്ലൊരു മനസിന്റെ ഉടമ,​ ആളുകളെ സഹായിക്കാനുള്ള മനസ്ഥിതി എല്ലാം ഞാൻ ആ കുട്ടിയിൽ കണ്ടു. ആരും അറിയാതെ പലരെയും അവർ സഹായിച്ചത് എനിക്ക് വ്യക്തിപരമായി അറിയാം. മഞ്ജു ആദ്യമായിട്ട് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതും ഈ ചിത്രത്തിലാണ്.

അഭിനയത്തിന്റെ കാര്യത്തിൽഅവരെ കാണുമ്പോൾ മോഹൻലാൽ അഭിനയിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. അതാണ് അവരുടെ വിജയവും. മനസിൽ എന്ത് പ്രശ്‌നമുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ചാണ് മഞ്ജു അഭിനയിക്കുന്നത്. "