gaut

വിണ്ണൈ താണ്ടി വരുവായ രണ്ടാം ഭാഗം ആലോചനയിൽ മലയാളത്തിൽ സിനിമയൊരുക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി പ്രശസ്ത തെന്നിന്ത്യൻ സംവിധായകനും മലയാളിയുമായ ഗൗതം വാസുദേവ് മേനോൻ. ''മലയാള സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിന്റെ തീവ്ര ശ്രമം ആരംഭിച്ചു.'' വിണ്ണൈ താണ്ടി വരുവായ , വാരണം ആയിരം, മിന്നലേ എന്നീ തമിഴ് മെഗാ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗൗതം മേനോൻ പറഞ്ഞു. ഡയലോഗ് ഫിലിം സൊസൈറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ആദരവ് സ്വീകരിക്കാൻ ജന്മനാട്ടിലെത്തിയതായിരുന്നു ഗൗതം മേനോൻ. ''എന്റെ സിനിമകളേറെയും എന്റെ ചുറ്റുപാടുകളിൽ നിന്നു രൂപപ്പെട്ടതാണ്. അച്ഛൻ, അമ്മ, അനുജത്തി എന്നിവരടക്കം കഥാപാത്രത്തെ സൃഷ്ടിക്കാൻ ഊർജ്ജം പകർന്നു തന്നു. വിണ്ണൈ താണ്ടി വരുവായയുടെ രണ്ടാം ഭാഗം മനസിലുണ്ട്. ചിലമ്പരശൻ (ചിമ്പു ) താത്പര്യപ്പെട്ടാൽ അത് യാഥാർത്ഥ്യമാകും. ഒരുപാട് മലയാള - തമിഴ് സിനിമകൾ കൗമാര - യൗവന കാലത്ത് കണ്ടു.വീട്ടുകാരറിയാതെ ഒറ്റപ്പാലത്തെ ലക്ഷ്മി തിയേറ്ററിൽണ്ട സിനിമകൾ അനവധിയാണ്. ഓരോ അവധിക്കാലത്തും ഒറ്റപ്പാലത്തെ തറവാട്ടിലെത്താറുണ്ട്. നാടും, നാട്ടുവഴികളും, മലയാളവും മറന്നില്ലെന്നും, അതു കൊണ്ട് തന്നെയാണ് മലയാളത്തിലൊരു സിനിമ എന്ന ആഗ്രഹത്തെ കാത്തുസൂക്ഷിക്കുന്നതെന്നും ഗൗതം മേനോൻ പറഞ്ഞു.