m-g-suresh-kumar

തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ. കെ എസ് സി ബി ആസ്ഥാനത്താണ് പ്രതിഷേധം നടക്കുന്നത്.

സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് സുരേഷിനെ ബോർഡ് ചെയർമാൻ സസ്‌പെൻഡ് ചെയ്തത്. കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതും സസ്‌പെൻഷന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. എം എം മണിയുടെയും എ കെ ബാലന്റെയും സ്റ്റാഫ് അംഗമായും സുരേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിനുള്ള പ്രതികാരമായി ബോർഡ് ചെയർമാൻ സസ്‌പെൻഡ് ചെയ്യുകയായിരുന്നെന്നും സുരേഷ് കുമാർ പ്രതികരിച്ചു. കെ എസ് ഇ ബി ചെയർമാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. ചെയർമാൻ ഇടത് സംഘടനയോട് പ്രതികാരം ചെയ്യുകയാണ്. തുടർ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു.

അതേസമയം, ചെയർമാന്റെ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് കൂട്ടരുടെയും പ്രതികരണം കേട്ടതിന് ശേഷം മാത്രമേ വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. കെ എസ് ഇ ബി സമരത്തിനെതിരായ ഡയസ്‌നോൺ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. സസ്‌പെൻഷനെക്കുറിച്ച് അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

‌ഡയസ്‌നോൺ ഉത്തരവ് തള്ളി കെ എസ് ഇ ബി ആസ്ഥാനത്ത് സിപിഎം അനുകൂല ഓഫീസേഴ്‌‌സ് സംഘടന കഴിഞ്ഞ ദിവസം അർദ്ധദിന സത്യാഗ്രഹം നടത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്‌മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സസ്‌പെൻഷൻ.

എന്നാൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസ്‌മിൻ അവധിയിൽപ്പോയതെന്ന് ചീഫ് എഞ്ചിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ വാദിക്കുന്നു. സസ്‌പെൻഷൻ പിൻവലിക്കാൻ അപേക്ഷ നൽകിയ ജാസ്‌മിനെ ചെയർമാൻ പരിഹസിച്ചുവെന്നും സംഘടന പറയുന്നു. ഇതിന്റെ പേരിലുള്ള സമരമാണ് അസോസിയേഷൻ പ്രസിഡന്റായ എം ജി സുരേഷ് കുമാറിന്റെ സസ്‌പെൻഷനിൽ കലാശിച്ചത്.