thief-stuck-in-a-hole

ഹൈദരാബാദ്: നാട്ടുകാരേ ഓടിവരണേ... ഞാൻ ക്ഷേത്ര ചുമരിൽ കുടുങ്ങിയേ.... ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ ജാമി യെല്ലമ്മ ക്ഷേത്രത്തിൽ നിന്നുയർന്ന നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന കർഷകരും നാട്ടുകാരും ഓടിയെത്തി. അവിടത്തെ കാഴ്ച കണ്ട് അവർ ഞെട്ടി.

ക്ഷേത്രഭിത്തി തുരന്ന് ഉള്ളിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിച്ച പാപ്പറാവു (30) പുറത്തിറങ്ങവെ,​ ഭിത്തിയിൽ സ്വയമുണ്ടാക്കിയ ദ്വാരത്തിൽ കുടുങ്ങിക്കിടന്ന് അലറി വിളിക്കുകയാണ്.

ചുമരിൽ ദ്വാരമുണ്ടാക്കി കയറിയ പാപ്പ റാവു വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന വെള്ളിയാഭരണങ്ങൾ കവർന്നു. മോഷണമുതലുമായി ദ്വാരത്തിലൂടെ തിരിച്ചിറങ്ങാൻ ശ്രമിക്കേ ശരീരത്തിന്റെ പകുതിഭാഗം മാത്രം പുറത്തെത്തി. പണി പതിനെട്ടും പയറ്റിയിട്ടും ബാക്കി ഭാഗം പുറത്തേക്കോ അകത്തേക്കോ നീങ്ങുന്നില്ല. ഒടുവിൽ രക്ഷപ്പെടാൻ നിലവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു.

നാട്ടുകാർ ശ്രമിച്ചിട്ടും കള്ളനെ ദ്വാരത്തിൽ നിന്ന് രക്ഷപെടുത്താനായില്ല. ഒടുവിൽ പൊലീസെത്തി ദ്വാരം ഇടിച്ച് വലുതാക്കി പുറത്തെടുത്ത് അറസ്റ്റു ചെയ്തു. തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഭഗവതിയുടെ ശക്തി കൊണ്ടാണ് കള്ളൻ കുടുങ്ങിയതെന്നാണ് ഭക്തർ പറയുന്നത്.