
1951ൽ ശ്യാമപ്രസാദ് മുഖർജി രൂപീകരിച്ച ജനസംഘത്തിന്റെ നിഴലിൽ വളർന്ന്, 1980 ഏപ്രിൽ 6ന് ഔദ്യോഗികമായി സ്ഥാപിതമായ ഭാരതീയ ജനതാ പാർട്ടി, ബി ജെ പി എന്ന മൂന്നക്ഷരത്തിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് താമരത്തോണിയിൽ ചേക്കേറിയിട്ട് ഇന്ന് 42 വർഷം തികയുകയാണ്. കോൺഗ്രസ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയുടെ കറുത്ത ദിവസങ്ങളെ ഊർജ്ജമാക്കി 1977ൽ രൂപീകരിച്ച ജനതാ പാർട്ടിയുമായും ബി ജെ പി ബന്ധമുണ്ട്. 1980ൽ ജനതാ പാർട്ടി പിരിച്ചുവിടുകയും അതിലെ അംഗങ്ങൾ അടൽ ബിഹാരി വാജ്‌പേയിയെ ആദ്യ പ്രസിഡന്റായി ബിജെപി രൂപീകരിക്കുകയും ചെയ്തതോടെയാണ് ഇന്ന് കാണുന്ന ബി ജെ പിക്ക് രൂപം വന്നത്.
നമ്പർ 1
42 വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ ബി ജെ പി രാജ്യത്തെ ശക്തിയേറിയ രാഷ്ട്രീയ പാർട്ടിയായി വളർന്നിരിക്കുന്നു. ഇന്ന്, 180 ദശലക്ഷത്തിലധികം അംഗത്വമുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ് ബി ജെ പി. ലോകത്തിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായ ചൈനയിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏതാണ്ട് ഇരട്ടി ശക്തിയാണിത്.
സ്വന്തമായി ഉയർച്ച വർദ്ധിപ്പിക്കുമ്പോൾ എതിരാളികളുടെ ശക്തി നാൾക്കുനാൾ ക്ഷയിക്കുന്നതും ബി ജെ പിയുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. കോൺഗ്രസിനെ അപേക്ഷിച്ച് ബിജെപിക്ക് പത്തിരട്ടി അംഗങ്ങളുണ്ട്. 140 കോടി ജനങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ ജനാധിപത്യ രാജ്യത്തിലെ വലിയ പാർട്ടി എന്ന ഖ്യാതിയും ഇന്ന് ബി ജെ പിക്ക് സ്വന്തമാണ്. കേന്ദ്രത്തിനൊപ്പം ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാനായി എന്നതും ബി ജെ പിയുടെ നേട്ടമാണ്. ഇന്ത്യയുടെ ഏതാണ്ട് എല്ലാകോണുകളിലേക്കും വളരാൻ ഇന്ന് പാർട്ടിക്ക് കഴിഞ്ഞു. എന്നാൽ ഈ വളർച്ച എളുപ്പത്തിൽ സ്വന്തമാക്കിയതായിരുന്നില്ല. വടവൃക്ഷം പോലെ രാജ്യമെമ്പാടും പടർന്ന് പന്തലിച്ച കോൺഗ്രസ് എന്ന പാർട്ടിയുടെ കീഴിൽ വെളിച്ചം പോലും ലഭിക്കാതെ ജീവശ്വാസത്തിനായി പൊരുതിയാണ് ബി ജെ പി ഓരോ പടവും കയറിയത്.

രണ്ട്
ബി ജെ പിയോട് ചേർത്ത് വളരെയധികം കേട്ടിട്ടുള്ള സംഖ്യയാണ് രണ്ട്. 1984ലെ പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പി സ്വന്തം അക്കൗണ്ടിൽ കൂട്ടിച്ചേർത്ത നമ്പരാണ് രണ്ട്. 1984ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു സ്വതന്ത്ര കക്ഷിയായി മത്സരിച്ച ബി ജെ പിക്ക് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. എന്നാൽ ആ രണ്ടിൽ നിന്നും വളർന്ന് ഇന്ന് 303 എന്ന മാജിക് നമ്പരിലേക്ക് എത്താൻ ബി ജെ പിക്കായി. വളർച്ചയുടെ ഉയർച്ച അളക്കുന്നതിനൊപ്പം, പരാജയത്തിന്റെ കയ്പ് നീർ കുടിച്ച സമയത്തും രണ്ട് എന്ന നമ്പർ പാർട്ടിക്ക് ഊർജ്ജമായിരുന്നു. താഴെ നിന്നും വീണ്ടും ഉയരാം എന്ന ശക്തിയായിരുന്നു ആ സംഖ്യ.
രണ്ടിൽ നിന്നും രണ്ടക്കത്തിലേക്ക് പാർട്ടി എത്തിയത് 1991ലായിരുന്നു. അപ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കണക്ക് കൂടി ബി ജെ പിക്ക് ഉണ്ട്. 2004ലും 2009ലും ഒഴികെയുള്ള എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും സീറ്റുകളുടെ എണ്ണം കൂട്ടിക്കൊണ്ട് വരാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ തിളക്കമേറിയ വിജയം പാർട്ടി സ്വന്തമാക്കിയത് 2014ലും 2019ലും നരേന്ദ്ര മോദിയുടെ കീഴിലായിരുന്നു. ഈ രണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ വോട്ട് വിഹിതം 30 ശതമാനത്തിനും മുകളിലെത്തി. 2019ലാണ് ബിജെപി ആദ്യമായി ലോക്സഭയിൽ 300 കടന്നത്.

തളർന്നത് കോൺഗ്രസ്
ബി ജെ പി ഓരോ പടവും കയറിയപ്പോൾ മറുഭാഗത്ത് കോൺഗ്രസ് പതനത്തിന്റെ വഴിയിലായിരുന്നു. പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച പാർട്ടിയുടെ കരുത്ത് ചോർന്ന് ഇന്ന് കേവലം 44 സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് നിഴൽ മറയ്ക്കുള്ളിലാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ ബി ജെ പി സർക്കാർ രൂപീകരിച്ചു, 12 സംസ്ഥാനങ്ങളിൽ സ്വന്തം നിലയിലും ആറെണ്ണത്തിൽ സഖ്യത്തിലും. എന്നാൽ ഇതേ സമയം ഒരിയ്ക്കൽ ആഴത്തിൽ വേരൂന്നിയ കോൺഗ്രസ് കേവലം രണ്ട് സംസ്ഥാനങ്ങളിൽ ( രാജസ്ഥാനിലും ഛത്തീസ്ഗഡിലും) മാത്രമാണ് സ്വന്തം സർക്കാർ രൂപീകരിച്ചത്.

ഇരട്ടി മധുരം
ബി ജെ പി 42 ജന്മദിനം ആഘോഷിക്കുമ്പോൾ ഇരട്ടി മധുരമാണ്. ലോക്സഭയ്ക്ക് പുറമേ രാജ്യസഭയിലും പാർട്ടി ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിക്കാനായതിനാൽ രാജ്യസഭയിൽ 100 സീറ്റുകളിൽ എത്താൻ ബി ജെ പിക്ക് കഴിഞ്ഞു. 1990 ന്‌ശേഷം ഈ പരിധി കടക്കുന്ന ആദ്യ പാർട്ടിയാണ് ബി ജെ പി. 2014ൽ ആദ്യ മോദി സർക്കാർ രൂപീകരിച്ചപ്പോൾ രാജ്യസഭയിൽ ബി ജെ പിയുടെ അംഗസംഖ്യ കേവലം 55 ആയിരുന്നു എന്നത് പ്രത്യേകം ഓർക്കണം.

തന്ത്രങ്ങളുടെ ആശാൻമാർ
ആധുനിക കാലത്ത് അതിനൊത്ത പ്രചരണങ്ങളും തന്ത്രങ്ങളും രൂപീകരിക്കുന്നതാണ് ബി ജെ പിയെ രാജ്യത്തെ പ്രിയപ്പെട്ട പാർട്ടിയാക്കി മാറ്റുന്നത്. കേഡർ സംവിധാനത്തിൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ബിജെപിയുടെ സംഘടനാ ശക്തി എടുത്ത് പറയേണ്ടതാണ്. ഓൺലൈൻ സംവിധാനങ്ങൾ വളരെ വേഗത്തിൽ നടപ്പിലാക്കിയ ബി ജെ പിക്ക് കൊവിഡ് കാലത്ത് നടത്തിയ തിരഞ്ഞെടുപ്പുകൾ അനായാസം ജയിച്ചുകയറാൻ കഴിഞ്ഞിരുന്നു.

പിടിനൽകാതെ ദക്ഷിണേന്ത്യ
ദക്ഷിണേന്ത്യയിൽ താമരയുടെ വാട്ടമാണ് ഇപ്പോഴും ബി ജെ പി ദേശീയ നേതൃത്വത്തെ കുഴക്കുന്ന പ്രധാന പ്രശ്നം. കർണ്ണാടകയിൽ ബിജെപി ഭരിക്കുന്നുണ്ടെങ്കിലും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുവരെ സർക്കാർ രൂപീകരിക്കാനോ, തിരഞ്ഞെടുപ്പിൽ തിളക്കമേറിയ ജയം സ്വന്തമാക്കാനോ കഴിഞ്ഞിട്ടില്ല.