pakisthan

 മൂന്നുമാസത്തിനകം പൊതു തിരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മിഷന് നിർദ്ദേശം

ഇസ്ളാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരായ അവിശ്വാസ പ്രമേയം വിദേശ ഇടപെടൽ ആരോപിച്ച് ഡെപ്യൂട്ടി സ്പീക്കർ തള്ളിയതിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയ പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അതാ ബണ്ടിയാൽ, ഹർജിയിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റി. ഇതോടെ ദേശീയ അസംബ്ളി പിരിച്ചുവിട്ടതിനെ തുടർന്ന് ഞായറാഴ്ച മുതൽ പാകിസ്ഥാനിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീളുമെന്നുറപ്പായി.

അതേസമയം, മൂന്നുമാസത്തിനകം പൊതു തിരഞ്ഞെടുപ്പ് നടത്താനുതകുന്ന വിധത്തിൽ തീയതികൾ നിർദ്ദേശിക്കാനാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസ് പാക് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി.

ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി അഞ്ചംഗ വിശാല ബെഞ്ച്, ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടി ഭരണഘടനാ പ്രകാരമാണോയെന്ന് വിശകലനം ചെയ്തു. പാർലമെന്റ് കാര്യങ്ങളിൽ കോടതി ഇടപെടുന്ന കീഴ്‌വഴക്കമില്ലെന്നും ഇത് കോടതിയുടെ അധികാര പരിധിക്കപ്പുറമുള്ള കൈകടത്തലാണെന്നും പ്രസിഡന്റിന്റെ അഭിഭാഷകൻ അലി സഫർ ചൂണ്ടിക്കാട്ടി.

ദേശീയ അസംബ്ളി പിരിച്ചുവിടാൻ ശുപാർശ ചെയ്ത പ്രധാനമന്ത്രിയോട് അതിന്റെ കാരണമെന്തെന്ന് പ്രസിഡന്റ് ചോദിച്ചിരുന്നോയെന്ന് ജസ്റ്റിസ് ജമാൽഖാൻ മണ്ഡോഖയിൽ ചോദിച്ചു.

പ്രധാനമന്ത്രിയുടെ ശുപാർശ നിർവഹിക്കാൻ രാഷ്ട്രപതി ബാദ്ധ്യസ്ഥനാണെന്നും അതിന്റെ കാരണങ്ങൾ ചോദിക്കേണ്ടതില്ലെന്നും അലി സഫർ കോടതിക്ക് മറുപടി നൽകി.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പാർലമെന്റ് ഇടപെടാത്തതു പോലെ, പാർലമെന്റ് നടപടികളിൽ കോടതി ഇടപെടാറില്ലെന്നും അലിസഫർ ചൂണ്ടിക്കാട്ടി. സ്പീക്കറെ കക്ഷിയാക്കിയ ഈ കേസിൽ കോടതിയുടെ ഏതു നിർദ്ദേശവും അതിന്റെ അധികാര പരിധിക്കപ്പുറമുള്ള ഇടപെടലാകും. ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത് പാർലമെന്റിൽ ജുഡിഷ്യറിയുടെ കൈകടത്തലിന് ഇടയാക്കിയിരിക്കുകയാണെന്നും അലി സഫർ വ്യക്തമാക്കി.

ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താൻ അനുവദിക്കാതിരുന്ന ഡെപ്യൂട്ടി സ്പീക്കർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചോ എന്ന കാര്യത്തിൽ മാത്രമേ വിധി പറയൂ എന്നും അത് നിയമസഭ പിരിച്ചുവിടുന്നതിനെ ബാധിക്കുമെന്നും വ്യക്തമാക്കിയ കോടതി, പരമാവധി വേഗത്തിൽ വാദം കേട്ട് ഉടൻ വിധി പറയുമെന്ന് ആവർത്തിച്ചു.