
മുംബയ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മുംബയിലെ പ്രത്യേക പോക്‌സോ കോടതി 37കാരനായ പിതാവിന് 25 വർഷം കഠിനതടവ് വിധിച്ചു. കൊച്ചുമകൾക്ക് നീതിതേടി 60കാരി നടത്തിയ പോരാട്ടത്തിൽ അഴിക്കുള്ളിലായത് സ്വന്തം മകൻ.
പരാതി നൽകാനും പ്രതിക്ക് ശിക്ഷ വാങ്ങിനൽകാനും മുന്നിൽ നിന്ന പ്രതിയുടെ അമ്മയായ 60കാരിയെ കോടതി പ്രശംസിച്ചു.
13 വയസുള്ള മകളെയാണ് 37കാരൻ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ഏഴുവർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. നഗരത്തിലെ കെട്ടിടത്തിലെ മുറിയിൽ അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാണെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
ഒരു വർഷത്തോളമായി പീഡനം തുടർന്നതോടെ 2021 മേയിൽ ഇക്കാര്യം കുട്ടി മുത്തശ്ശിയോട് പറഞ്ഞു. പീഡനവിവരം അറിഞ്ഞ ഉടൻ മുത്തശ്ശി പൊലീസിൽ പരാതി നൽകി. കേസിന്റെ വിചാരണ വേളയിൽ പ്രതിക്കെതിരെ പെൺകുട്ടിയും മുത്തശ്ശിയും മൊഴി നൽകി.
ഈ മൊഴികളെല്ലാം കണക്കിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ഇത്രയും പ്രായമായിട്ടും പ്രതിയുടെ മകളെ സംരക്ഷിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും നീതിക്ക് വേണ്ടി പോരാടിയ മുത്തശ്ശിയെ പ്രശംസിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കിയ
ജഡ്ജി ഭാരതി കാലെയാണ് വിധി പ്രസ്താവിച്ചത്.