
കൊളംബോ: എന്ത് തന്നെ സംഭവിച്ചാലും ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സ സ്ഥാനമൊഴിയില്ലെന്ന് ചീഫ് വിപ്പും ഹൈവേ മന്ത്രിയുമായ ജോൺസ്റ്റൺ ഫെർണാണ്ടോ പാർലമെന്റിൽ പറഞ്ഞു. ലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഗോതബയ രാജപക്സ പരാജയപ്പെട്ടുവെന്നും അതിനാൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ വലിയ പ്രക്ഷോഭമാണ് രാജ്യമൊട്ടാകെ നടത്തുന്നത്.
ഇതിനിടയിലാണ് പ്രസിഡന്റ് രാജി വയ്ക്കില്ലെന്ന് കടും പിടിത്തം പിടിക്കുന്നത്. 6.9 ദശലക്ഷം ആളുകൾ വോട്ട് ചെയ്താണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്ന് എല്ലാവരെയും ഓർമിക്കണം. ഒരു സർക്കാർ എന്ന നിലയിൽ ഏതൊരു സാഹചര്യത്തിലും പ്രസിഡന്റ് രാജി വയ്ക്കില്ലെന്ന് വ്യക്തമായി പറയുന്നു. തങ്ങൾ ഇത് നേരിടുമെന്നും പ്രതിപക്ഷത്തിന്റെ രോഷത്തിനിടയിൽ മന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇവിടെ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്. രാജ്യത്ത് ഊർജപ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ന് രാവിലെ പിൻവലിച്ചു.
പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധി ഇത്രയും വഷളാക്കിയതെന്നാണ് ജനങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഗോതബയ രാജപക്സയുടെ രാജി തന്നെയാണ് അവരുടെ പ്രധാന ആവശ്യവും. പ്രസിഡന്റ് രാജി വയ്ക്കാതെ തങ്ങൾ പിന്നോട്ടില്ല എന്നാണ് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും നിലപാട്.