selfie

സെലിബ്രിറ്റികൾക്കൊപ്പം ഫോട്ടോയെടുക്കാൻ ആളുകൾ ബഹളം വയ്ക്കുന്നത് പതിവ് കാഴ്‌ചയാണ്. എന്നാൽ സെലിബ്രിറ്റിയല്ലാത്ത ഒരു വിദേശ വനിതയ്‌ക്കൊപ്പം ഫോട്ടോയെടുക്കാൻ തിരക്ക് കൂട്ടുന്ന ഇന്ത്യാക്കാരുടെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്.

സെലിയ വോയ്‌വോഡിച്ച് എന്ന ഓസ്‌ട്രേലിയൻ വനിതയോടൊപ്പമുള്ള സെൽഫിയ്ക്കായാണ് ഒരുകൂട്ടം യുവാക്കൾ തിരക്ക് കൂട്ടിയത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലാണ് സംഭവം.

ഒരാൾ വന്ന് തോളിൽ കെെയിട്ട് സെൽഫിയെടുത്തതോടെ കൂടുതൽ പേർ ഫോട്ടോയ്ക്കായി ഓടിയെത്തുകയായിരുന്നു. ഒരു മടിയും കൂടാതെ സെലിയ ഇവർക്കൊപ്പം ഫോട്ടോയെടുത്തു. കൂടുതൽ പേർ ഫോട്ടോയെടുക്കാൻ എത്തിയതോടെയാണ് 100 രൂപ നൽകാൻ ഇവർ ആവശ്യപ്പെട്ടത്. ഒന്നിലധികം പേരോട് സെലിയ പണം നൽകാൻ ആവശ്യപ്പെട്ടു.

പിന്നീട് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സെലിയ തന്നെ രംഗത്തെത്തി. പ്ലാൻ ചെയ്ത് എടുത്ത വീഡിയോയാണിതെന്ന് സെലിയ പറഞ്ഞു. എന്നാൽ ഫോട്ടോയെടുക്കാൻ വന്നവരാരും അഭിനേതാക്കളായിരുന്നില്ലെന്നും ഇവ‌ർ വ്യക്തമാക്കി.

ഈ വീഡിയോ എടുക്കുന്നതിന് 45 മിനിറ്റ് മുൻപ് സമാന അനുഭവം ഉണ്ടായതോടെയാണ് ഇത് ചിത്രീകരിക്കാൻ സെലിയ തീരുമാനിച്ചത്. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന ഈ സംഭവം അമേരിക്കൻ വെബ്‌സെെറ്റായ റെഡിറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ശ്രദ്ധ നേടുന്നത്.