df

കൊല്ലം: പത്തനാപുരം ഗാന്ധിഭവന് 50 ലക്ഷം രൂപ സ്‌നേഹസമ്മാനമായി നൽകി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി. കൊവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുകയായിരുന്ന ഗാന്ധിഭവന് യൂസഫലിയുടെ കൈത്താങ്ങ് വലിയ ആശ്വാസമാണെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. പ്രതിവർഷ ഗ്രാൻഡടക്കം ആറ് വർഷത്തിനിടെ ഏഴേകാൽ കോടിയോളം രൂപയുടെ സഹായം യൂസഫലി ഗാന്ധിഭവനെത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ, 15 കോടിയിലധികം മുടക്കി അന്തേവാസികൾക്കായി നിർമ്മിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിർമ്മാണം ഈ മാസം പൂർത്തിയാകും. 300ഓളം പേർക്ക് താമസിക്കാനുള്ള സൗകര്യം നൽകുന്നതാണ് പുതിയ മന്ദിരം. എം.എ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, മാനേജർ എൻ.പീതാംബരൻ, മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ബാബു വർഗ്ഗീസ് എന്നിവർ ഗാന്ധിഭവനിലെത്തിയാണ് 50 ലക്ഷം രൂപയുടെ ഡി.ഡി. ഗാന്ധിഭവനിലെ അമ്മമാർക്ക് കൈമാറിയത്.