khushboo

ചെന്നൈ: ഇന്ന് ബിജെപിയുടെ 42ാമത് സ്ഥാപക ദിനമായിരുന്നു. തമിഴ്‌നാട്ടിൽ വർണാഭമായ ആഘോഷമാണ് സ്ഥാപക ദിനത്തിൽ നടന്നത്. ദേശീയ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവായ നടി ഖുശ്‌ബുവാണ് പാർട്ടി പതാക ചെന്നൈയിലെ ത്യാഗരാജ നഗറിലെ ഓഫീസിൽ ഉയർത്തിയത്. എന്നാൽ പതാക ഉയർത്തൽ ചടങ്ങിൽ ചെറിയൊരു അബദ്ധം പറ്റി. പാർട്ടി പതാക ഖുശ്‌ബു തലകീഴായാണ് ഉയർത്തിയത്. അടുത്തുനിന്ന പാർട്ടി പ്രവർത്തകർക്ക് പോലും സംഗതി പിടികിട്ടിയില്ല. ഒടുവിൽ നാട്ടുകാരാണ് കാര്യം പാർട്ടിക്കാരെ അറിയിച്ചത്.

ഇന്ന് രാവിലെ ബിജെപിയുടെ ഷാളും കാവിത്തൊപ്പിയുമണിഞ്ഞ് ഖുശ്‌ബു പ്രവർത്തകർക്കൊപ്പം ത്യാഗരാജ നഗറിലെ ഓഫീസിലെത്തിയത്. പതാക ഉയർത്തി ശേഷം പ്രസംഗവും കഴിഞ്ഞ് ഖുശ്‌ബു മടങ്ങി. അതിന്‌ശേഷം നാട്ടുകാർ പതാകയിലെ താമര തലകീഴായി പറക്കുന്നത് പാർട്ടി പ്രവർത്തകരെ ശ്രദ്ധയിൽ പെടുത്തി. ഉടനെ പ്രവർത്തകർ പതാക ശരിയായി ഉയ‌ർത്തി.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ഏപ്രിൽ ഏഴിന് ബിജെപി സാമൂഹിക നീതി ക്യാംപെയിൻ ആരംഭിക്കുമ്പോൾ പ്രവർത്തകർ ജനസേവനത്തിലൂന്നി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.