
ലഹോർ: പാകിസ്ഥാനിൽ പുതിയ സർക്കാർ അധികാരമേറ്റാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നു ഭയന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത സുഹൃത്തുക്കൾ രാജ്യം വിടുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം ഇമ്രാന്റെ മൂന്നാം ഭാര്യ ബുഷ്ര ബീബിയുടെ അടുത്ത സുഹൃത്ത് ഫറ ഖാൻ രാജ്യം വിട്ടു. ദുബായിലേക്കാണ് പോയത്. ഫറയുടെ ഭർത്താവ് അഹ്സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്ക് പോയിരുന്നു.
ഇമ്രാന്റെയും ഭാര്യയുടെയും നിർദേശപ്രകാരം സ്ഥലംമാറ്റം, നിയമനം എന്നിവയ്ക്കു ഫറ 3.2 കോടി ഡോളർ (ഏകദേശം 240 കോടി ഇന്ത്യൻ രൂപ) കോഴ വാങ്ങിയെന്നാണ് പാക് മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് ആരോപിച്ചത്.
90,000 ഡോളർ (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) വിലയുള്ള ആഡംബര ബാഗുമായാണ് ഫറ പോയതെന്നും ആരോപണമുയർന്നിട്ടുണ്ട്. പാക് മുസ്ലിം ലീഗ് (എൻ) നേതാവ് റോമിന ട്വിറ്ററിൽ പങ്കുവച്ച ഫറ ഖാൻ വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രത്തെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. ഫറയുടെ കാൽച്ചുവട്ടിൽ ഒരു ബാഗും കാണാം. എന്നാൽ ഈ ചിത്രം ഫറ രാജ്യ വിട്ടപ്പോൾ എടുത്തതാണോയെന്ന് വ്യക്തമല്ല.