df

ന്യൂഡൽഹി: ഐ.പി.ഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വർഷത്തേക്ക് എൽ.ഐ.സിയുടെ കൂടുതൽ ഓഹരികൾ കേന്ദ്രം വിറ്റേക്കില്ലെന്ന് റിപ്പോർട്ടുകൾ. എൽ.ഐ.സിയുടെ ഐ.പി.ഒ നടക്കുന്നതിന് മുമ്പ് തന്നെ ഓഹരിവില പിടിച്ചു നിറുത്താനും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ഐ.പി.ഒയ്ക്ക് ശേഷം ഓരോ വർഷവും എൽ.ഐ.സിയുടെ അഞ്ച് ശതമാനം ഓഹരികൾ വീതം വിൽക്കുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. അഞ്ച് വർഷത്തിനുള്ളിൽ കേന്ദ്രം കൈവശം വയ്ക്കുന്ന ഓഹരി വിഹിതം 75 ശതമാനമായി കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, സെബിയുടെ മിനിമം ഷെയർ ഹോൾഡിംഗ് മാനദണ്ഡങ്ങൾ മുൻനിറുത്തി, എൽ.ഐ.സിയിലെ കേന്ദ്ര സർക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയുന്നതിനെക്കുറിച്ച് നിക്ഷേപകർ വ്യക്തത തേടിയിരുന്നു.കേന്ദ്രത്തിന്റെ എൽ.ഐ.സിയിലെ ഓഹരി വിഹിതം അഞ്ചുവർഷത്തിനിടെ 75 ശതമാനത്തിന് താഴെ പോകരുതെന്ന് മാത്രമാണ് വ്യവസ്ഥ.

അതുകൊണ്ടുതന്നെ 75 ശതമാനത്തിന് മുകളിൽ എത്ര ഓഹരികൾ വേണമെങ്കിലും കൈവശം വയ്ക്കാം. അതിനായി മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് വ്യവസ്ഥയിൽ, എൽ.ഐ.സി ഇളവുകൾ തേടിയേക്കും.