
കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ രാജ്യം ആളിക്കത്തവെ, പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായെങ്കിലും അധികാരം വിട്ടൊഴിയില്ലെന്ന് ആവർത്തിച്ച് രജപക്സ സഹോദരൻമാർ.
ഇന്നലെ ചേർന്ന പാർലമെന്റ് യോഗത്തിലാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയും പ്രസിഡന്റ് ഗോതബയ രാജപക്സയും രാജി വയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ചത്. പ്രസിഡന്റ് രാജി വയ്ക്കില്ലെന്നും പ്രതിസന്ധികളെ ധീരമായി നേരിടുമെന്നും ഗവ. ചീഫ് വിപ്പും ഹൈവെ മന്ത്രിയുമായ ജോൺസ്റ്റൺ ഫെർണാണ്ടോ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളാണ് പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നയങ്ങളും അഴിമതിയുമാണ് രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
അതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥ പിൻവലിച്ചതായി പ്രസിഡന്റ് ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ
അറിയിച്ചു. പ്രതിഷേധങ്ങളെ തടയാൻ സുരക്ഷാസേനക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന അടിയന്തരഭരണ ഓർഡിനൻസും പിൻവലിച്ചു.
മരുന്നുകൾ കിട്ടാനില്ല :
ഡോക്ടർമാരും സമരത്തിൽ
അതേസമയം, പാരസെറ്റമോൾ അടക്കമുള്ള 129 ഓളം അവശ്യ മരുന്നുകൾ തീർന്നതോടെ ആശുപത്രികളിൽ നിന്ന് ഡോക്ടർമാരും തെരുവിലേക്കിറങ്ങി ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി. മുറിവിൽ വയ്ക്കാനുള്ള പഞ്ഞി പോലും കിട്ടാനില്ല. അർബുദ രോഗികളിൽ കീമോതെറാപ്പിക്കുപയോഗിക്കുന്ന മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത് ജീവന് ഭീഷണിയായി. പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള മരുന്ന് ക്ഷാമം മരണ സംഖ്യ വർദ്ധിക്കാനിടയാക്കി. ഇന്നലെ ഓപ്പറേഷൻ തിയേറ്ററുകളിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടർമാർ അവശ്യ മരുന്നുകളില്ലാത്തതിനാൽ ചികിത്സ നിറുത്തി വച്ചു. രോഗികളുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പൊട്ടിക്കരയുന്നത് ദയനീയ കാഴ്ചയായി. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് കൊളംബോയിൽ ഡോക്ടർമാർ സമരം ആരംഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മൂല്യം കുറഞ്ഞ കറൻസികളിലൊന്നായി ശ്രീലങ്കൻ കറൻസി മാറി. നിലവിൽ ഒരു യു.എസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്.
പൊലിസും സൈന്യവും
ഏറ്റുമുട്ടി
ജനകീയ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിനിടെ പൊലിസും സൈന്യവും തെരുവിൽ പരസ്പരം ഏറ്റുമുട്ടി . കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ പ്രത്യേക സേനാ വിഭാഗത്തെ പാർലമെന്റിന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. .