
തിരുവനന്തപുരം:കുട്ടികൾക്കും ചക്കപ്പുഴുക്കും ഉപ്പുമാവും വിളമ്പിക്കൊണ്ട് ഏപ്രിൽ 17ന് മലയാളം പളളിക്കൂടം തുറക്കുന്നു.രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച തൈക്കാട് ഗവ.മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂളിൽ വിശിഷ്‌ടവ്യക്തികളുടെ സാന്നിദ്ധ്യത്തിലാണ് പ്രവേശനോത്സവം. കവി വി.മധുസൂദനൻ നായർ കുട്ടികളെ മണലിൽ അക്ഷരമെെഴുതിച്ചുകൊണ്ട് ക്ളാസുകൾക്ക് തുടക്കം കുറിക്കും. അക്ഷരക്കളരി, ഭാഷാ പഠനകളരി, സാഹിത്യകളരി, തട്ടകം എന്നിങ്ങനെയാണ് ക്ളാസുകൾ.
അഞ്ച് വയസുമുതലുളളകുട്ടികൾക്ക് മലയാളം പളളിക്കൂടത്തിൽ പ്രവേശനം ലഭിക്കും. ഏപ്രിൽ 10 മുതൽ അപേക്ഷകൾ സ്വീകരിക്കും. തൈക്കാട് മോഡൽ സ്‌കൂളിൽ ഞായറാഴ്‌ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1 വരെയാണ് ക്ളാസ്. അക്ഷരകളരിയുടെ പാഠ്യപദ്ധതിയിൽ അക്ഷരമാല, ചൊല്ലുകൾ, കടങ്കഥകൾ, കുട്ടിപ്പാട്ടുകൾ, ബാലകവിതകൾ, അമ്മൂമ്മകഥകൾ, അക്ഷര കേളി, നാടൻ കളികൾ, കൈവേലകൾ, പഠനയാത്ര എന്നിവയും മുതിർന്ന ക്ലാസുകളിൽ ഭാഷാപഠനം, രചനാപരിശീലനം, ഭാഷാകേളി, സംവാദം, പ്രസംഗം, നാടകം, കാവ്യാലാപനം, സാസ്‌കാരികരംഗത്തെ പ്രഗൽഭരുമായി അഭിമുഖം, സാംസ്‌കാരിക പഠനയാത്ര എന്നിവയും ഉൾപ്പെടും.