കോഴിക്കോട്: കേന്ദ്ര സർക്കാർ അനുമതി നൽകിയാലും യു.ഡി.എഫ് കെ റെയിൽ വിരുദ്ധ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെ റെയിലിന്റെ പേരിൽ ബി.ജെ.പി നടത്തുന്ന സമരാഭാസം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച 'കെ റെയിൽ വേണ്ട കേരളം മതി' ജനകീയ സദസ് നന്തി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇവിടെ വെയിൽ കൊണ്ട് സമരം ചെയ്യുകയല്ല വേണ്ടതെന്നും ഡൽഹിയിൽ പോയി കേന്ദ്രസർക്കാരിനെ കൊണ്ട് പദ്ധതിക്ക് അനുമതിയില്ല എന്ന് പ്രഖ്യാപിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നിലപാട് ഇരട്ടത്താപ്പാണ്. മുംബെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം സമരത്തിലാണ്. വരേണ്യ വർഗത്തിന് വേണ്ടിയാണ് ബുള്ളറ്റ് ട്രെയിൻ എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാൽ മോദിയുടെ അതെ ശൈലിയാണ് പിണറായിക്ക്. സമരം ചെയ്യുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു. മോദിയുടെ ശരീരഭാഷ സിൽവർ ലൈനിന് അനുകൂലമാണെന്ന ലൈനിലാണ് മുഖ്യമന്ത്രി. മോദിയുടെ ശരീരഭാഷ കണ്ട് കാര്യങ്ങൾ മനസിലാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി മോദിയുടെ ആരാധകനായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഠത്തിൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം കെ. മുനീർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി എം.എ. റസാഖ് , എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ, ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു,സത്യൻ കടിയങ്ങാട്, വടക്കയിൽ ഷഫീഖ്, പി.കെ. അബൂബക്കർ പ്രസംഗിച്ചു.