ttrtr

കീവ് : ബുചയിലെ കൂട്ടക്കൊലയുടെ പേരിൽ പ്രതിക്കൂട്ടിലായ റഷ്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി യുക്രെയിൻ. റഷ്യൻ സൈന്യത്തോടൊപ്പം കൊണ്ടുവന്ന മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് മരിയുപോൾ നഗരത്തിലെ സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത് രഹസ്യമായി മൃതദേഹങ്ങൾ ദഹിപ്പിക്കുകയാണെന്ന് മരിയുപോൾ സിറ്റി കൗൺസിൽ ആരോപിച്ചു. ഒരു തെളിവുകളും ശേഷിക്കാത്ത രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് റഷ്യ മരിയുപോളിൽ നടത്തുന്നതെന്നാണ് യുക്രെയിൻ ആരോപിക്കുന്നത്. ബുച പട്ടണത്തിൽ റഷ്യ കൊലപ്പെടുത്തിയ 401 പൗരൻമാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അന്താരാഷ്ട്ര തലത്തിൽ റഷ്യക്കെതിരെ കടുത്ത എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മരിയുപോളിലെ റഷ്യൻ ക്രൂരതയുടെ തെളിവുകൾ നശിപ്പിക്കാൻ റഷ്യൻ ഉന്നത സൈനിക നേതൃത്വം ഉത്തരവിട്ടതെന്ന് യുക്രെയിൻ ആരോപിക്കുന്നു. ഇതിനായി ഡോണെറ്റ്സ്‌കിൽ നിന്നുംറഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ സഹായം സൈനികർക്ക് ലഭിക്കുന്നുണ്ടെന്നുമാണ് യുക്രെയിൻ വാദം.സ്ത്രീകളെയും കുട്ടികളെയും റഷ്യൻ സൈന്യം കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതും കൊലപ്പെടുത്തുന്നതും തുടരുകയാണ്. ഇതു കൂടാതെ മരിയുപോളിൽ നിന്ന് രക്ഷാപ്രവർത്തനം പൂർണമായും തടയുകയും ചെയ്തിരിക്കുകയാണെന്ന് മരിയുപോൾ മേയർ വദിം ബൊയ്‌ചെങ്ക പറഞ്ഞു.

അതേ സമയം ഹംഗേറിയൻ പ്രസിഡന്റ് വിക്ടർ ഒർബാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യുക്രെയിൻ വിഷയം ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് വെടിനിറുത്തൽ പ്രഖ്യാപിക്കാൻ പുട്ടിനോട് ആവശ്യപ്പെട്ടതായി വിക്ടർ പറഞ്ഞു.

അതേ സമയം കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്‌കിലെ ജനങ്ങൾ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് യുക്രെയിൻ സർക്കാർ അറിയിച്ചു. ലുഹാൻസ്‌ക് ഉൾപ്പെടുന്ന ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യം വീണ്ടും ആക്രമണങ്ങൾ ശക്തമാക്കുമെന്ന വാർത്തകൾക്കിടയിലാണ് അഞ്ച് മാനുഷിക ഇടനാഴികൾ വഴി സിവിലിയൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുക്രെയിൻ ശ്രമം തുടരുന്നത്.

റഷ്യക്കെതിരായ ഉപരോധം കടുപ്പിച്ച് യു.എസ്

ബുചയിലെ റഷ്യൻ കൂട്ടക്കൊലയ്ക്ക് പിന്നാലെ റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾ കടുപ്പിച്ച് യു.എസ്. റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആഷഫാ ബാങ്കിനും മറ്റ് പ്രധാന ധനകാര്യ സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമി‌ർ പുട്ടിന്റെ മക്കൾ,​ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ ഭാര്യ,​ മകൾ യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ എന്നിവർക്കും യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ബുചയിൽ നിന്നുള്ള പതാകയിൽ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ

ബുചയിൽ റഷ്യൻ സൈന്യം സാധാരണക്കാരെ കൊന്നൊടുക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ യുക്രെയിൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ.വത്തിക്കാനിൽ നടന്ന പ്രാർത്ഥനക്കിടയിൽ യുദ്ധഭൂമിയായ ബുചയിൽ നിന്നുകൊണ്ടുവന്ന പതാകയിൽ അദ്ദേഹം ചുംബിച്ചു.' ഈ പതാക വന്നത് യുദ്ധഭൂമിയിൽ നിന്നാണ്, രക്തസാക്ഷി നഗരമായ ബുചയിൽ നിന്നാണ്.നമ്മൾ അവരെ മറക്കരുത്. യുക്രൈനിലെ ജനങ്ങളെ മറക്കരുത്'. അദ്ദേഹം പറഞ്ഞു. 'എല്ലാ യുക്രൈനികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുക്രെയിനിൽ നിന്നെത്തിയ കുട്ടികൾക്ക് സമ്മാനമായി ചോക്ലേറ്റുകൾ നൽകിയാണ് അദ്ദേഹം മടക്കി അയച്ചത്.