
മുംബയ്: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെടാനുള്ള പ്രധാന കാരണം ക്യാപ്ടൻ സഞ്ജു സാംസൺ ആണെന്ന് മുൻ ഇന്ത്യൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും. മത്സരശേഷം നടന്ന ചർച്ചയിലാണ് ഇരുവരും തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. ബൗളർമാരെ തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനത്തെ ശാസ്ത്രി വിമർശിച്ചപ്പോൾ ദിനേഷ് കാർത്തിക്കിന് വേണ്ടി ഒരുക്കിയ ഫീൽഡിനെയാണ് ഗവാസ്കർ കുറ്റപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ചശേഷം സഞ്ജുവിനെ വാനോളം പുകഴ്ത്തിയ ഇരുവരും തന്നെയാണ് ഒരു മത്സരം കഴിഞ്ഞയുടനെ വാക്ക് മാറ്റിയതെന്നതും ശ്രദ്ധേയമാണ്.
ആർ സി ബിയുടെ 15ാം ഓവറിൽ ചാഹലിന് പകരം നവ്ദീപ് സൈനിയെ പന്തേൽപ്പിക്കാനുള്ള സഞ്ജുവിന്റെ തീരുമാനമായിരുന്നു ശാസ്ത്രിയെ ചൊടിപ്പിച്ചത്. 14ാം ഓവറിൽ കാർത്തിക്ക് ക്രീസിൽ എത്തിയ ഉടനെ അശ്വിൻ നോബാൾ എറിഞ്ഞ് ബാറ്ററിന് മേലുള്ള സമ്മർദ്ദം കുറച്ചെന്ന് ശാസ്ത്രി പറഞ്ഞു. അശ്വിൻ എറിഞ്ഞ ആ ഓവറിൽ 21 റൺസാണ് കാർത്തിക്ക് അടിച്ചത്. തൊട്ടടുത്ത ഓവറിൽ സൈനിയെ സഞ്ജു പന്തേൽപ്പിക്കുകയും ചെയ്തു. എന്നാൽ ആ ഓവർ സൈനിക്കു പകരം ടീമിലെ ഏറ്റവും മികച്ച ബൗളർ ആയ ചാഹൽ ആയിരുന്നു എറിയേണ്ടിയിരുന്നതെന്നും ഇത് സഞ്ജുവിന്റെ ഭാഗത്ത് ക്യാപ്ടൻ എന്ന നിലയിലുണ്ടായ വലിയൊരു പിഴവാണെന്നും ശാസ്ത്രി വ്യക്തമാക്കി.
അതേസമയം ഓൺസൈഡിൽ ഡീപ് മിഡ്‌ക്കറ്റിൽ ഫീൽഡർമാരെ നിർത്താതെ പ്രസീദ് കൃഷ്ണയെ ദിനേഷ് കാർത്തിക്കിന് മുന്നിലേക്കിട്ട് കൊടുത്ത സഞ്ജുവിന്റെ നീക്കത്തെയാണ് സുനിൽ ഗവാസ്കർ ചോദ്യം ചെയ്തത്. ഓൺസൈഡിൽ കരുത്തനായ കാർത്തിക്കിന് വളരെയേറെ ആത്മവിശ്വാസം നൽകുന്ന നീക്കമായിരുന്നു സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഗവാസ്കറുടെ പക്ഷം.