
വാഷിംഗ്ടൺ: 2017 ൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കിയ ശേഷം വൈറ്റ്ഹൗസിൽ നിന്ന് പടിയിറങ്ങിയ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തി. അഫോഡബിൾ കെയർ ആക്ടിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഒബാമ വൈറ്റ് ഹൗസിൽ എത്തിയത്.2010 ൽ ഒബാമ തുടങ്ങി വെച്ച എ.സി.എയെ കൂടുതൽ പരിഷ്കരിച്ച പുതിയ നിയമം ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവായി ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം വൈറ്റ് ഹൗസിൽ എത്തിയത്.
പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒബാമ പ്രസിഡനറ് ആയിരുന്ന 8 വർഷം വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. ഒരുപാട് നാളുകൾക്ക് ശേഷം ഇവിടേക്ക് തിരിച്ചു വരാനായതിൽ സന്തോഷമുണ്ടെന്ന് ഒബാമ പ്രതികരിച്ചു. ഒബാമ ബൈഡനെ വൈസ് പ്രസിഡന്റ് എന്നാണ് ആദ്യം അഭിസംബോധന ചെയ്തത്. എന്നാൽ അതൊരു തമാശയായിരുന്നുവെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ ശേഷം ഒബാമ ബൈഡനെ ആലിംഗനം ചെയ്തു. പഴയ കാലത്തെ ഓർമ്മകൾ ഉണർത്തുന്നതാണ് ഒബാമയുടെ സന്ദർശനമെന്ന് ബൈഡനും പ്രതികരിച്ചു.