
പൂനെ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇന്നിംഗ്സിലെ 16ാം ഓവർ തുടങ്ങുമ്പോൾ മുംബയ് ഇന്ത്യൻസിനെതിരെ അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 പന്തിൽ 35 റൺ. ബാറ്റിംഗ് ക്രീസിൽ നിന്നത് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്; ബൗൾചെയ്യാൻ വന്നത് ഓസ്ട്രേലിയയുടെ തന്നെ ഡേവിഡ് സാംസ്. ആ ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് ഓവർ ബാക്കി നിർത്തി അഞ്ച് വിക്കറ്റിന് വിജയിച്ചു. ഇടയിൽ നടന്നത് സിക്സറുകളുടെയും ഫോറുകളുടെയും ഒരു വെടിക്കെട്ട്.
ഒരൊറ്റ ഓവർ കൊണ്ടാണ് പാറ്റ് കമ്മിൻസ് ഒരു മത്സരത്തിന്റെ തന്നെ വിധി മാറ്റിമറിച്ചുകളഞ്ഞത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ മുംബയെ നാല് വിക്കറ്റിന് 161 എന്ന സ്കോറിന് തളച്ചു. മറുപടി ബാറ്റിംഗിൽ നാല് ഓവർ ബാക്കിനിൽക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം മറികടക്കുകയും ചെയ്തു.
പതിയെതുടങ്ങിയ മുംബയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും (36 പന്തിൽ 52) തിലക് വർമ്മയും (27 പന്തിൽ 38) ചേർന്ന് സ്കോർ ഉയർത്തിയെങ്കിലും അവസാന ഓവറിൽ അഞ്ച് പന്തിൽ നിന്ന് 22 റൺ അടിച്ച് കീറോൺ പൊള്ളാർഡാണ് സത്യത്തിൽ മുംബയെ രക്ഷിച്ചത്. കമ്മിൻസ് രണ്ട് വിക്കറ്റും വരുൺ ചക്രവർത്തിയും ഉമേഷ് യാദവും ഓരോ വിക്കറ്റും വീഴ്ത്തി. കമ്മിൻസ് എറിഞ്ഞ അവസാന ഓവറിലായിരുന്നു പൊള്ളാർഡിന്റെ കടന്നാക്രമണം. ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവിനെ കമ്മിൻസ് പുറത്താക്കിയെങ്കിലും പിന്നീടുള്ള അഞ്ച് പന്തിൽ നിന്ന് 22 റൺസാണ് പൊള്ളാർഡ് നേടിയത്.
പക്ഷേ കരുതിവച്ചിരുന്ന കമ്മിൻസ് തന്റെ അവസരം എത്തിയപ്പോൾ എല്ലാം മടക്കി നൽകുകയായിരുന്നു. കിട്ടിയത് പൊള്ളാർഡിന് പകരം സാംസിനായിപോയെന്ന് മാത്രം. ഒരു ഫ്രീഹിറ്റ് ഉൾപ്പെടെ നാല് സിക്സറും രണ്ട് ഫോറുമാണ് കമ്മിൻസ് 16ാം ഓവറിൽ മാത്രം അടിച്ചുകൂട്ടിയത്.
മത്സരശേഷം മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മ പറഞ്ഞത് തന്നെയാണ് കമ്മിൻസിന്റെ വെടിക്കെട്ടിനുള്ള ഏറ്റവും വലിയ പ്രശംസ. ഇങ്ങനെ ഒരു മയമില്ലാതെ അടിക്കുമെന്ന് താൻ കരുതിയില്ലെന്നാണ് രോഹിത് മത്സരശേഷം കമ്മിൻസിന്റെ ബാറ്റിംഗിനെ കുറിച്ച് വിശേഷിപ്പിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ പരാജയം ഏറ്റുവാങ്ങിയതിന്റെ എല്ലാ നിരാശയും രോഹിതിന്റെ മുഖത്ത് ഉണ്ടായിരുന്നു.