
മുംബയ്: പാറ്റ് കമ്മിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുംബയ് ഇന്ത്യൻസിനെതിരെ 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം.
ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. മറുപടിക്കറിങ്ങിയ കൊൽക്കത്ത 15 പന്തിൽ പുറത്താകാതെ 56 റൺസ് അടിച്ചു കൂട്ടിയ പാറ്റ് കമ്മിൻസിന്റെ ബാറ്റിംഗ് മികവിൽ വെറും 16 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (162/5). 6 സിക്സും 4 ഫോറും സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ കമ്മിൻസിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഡാനിയേൽ സാംസ് എറിഞ്ഞ 16-ാം ഓവറിൽ കമ്മിൻസ് 4 സിക്സും രണ്ട് ഫോറും അടിച്ചു കൂട്ടി കൊൽക്കത്തയെ വിജയതീരത്തെത്തിച്ചു. നോ ബാളിൽ നിന്നുൾപ്പെടെ ആ ഓവറിൽ 35 റൺസാണ് പിറന്നത്. വെങ്കിടേഷ് അയ്യർ 41 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. 13.1 ഓവറിൽ 101/5 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച കമ്മിൻസും വെങ്കിടേഷും 18 പന്തിൽ 61 റൺസാണ് ആറാം വിക്കറ്റിൽ പുറത്താകാതെ അടിച്ചു കൂട്ടിയത്. 14 പന്തിൽ 50 തികച്ച കമ്മിൻസ് ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിക്കാരിൽ കെ.എൽ രാഹുലിനൊപ്പം ഒന്നാമതെത്തി. തന്റെ അവസാന ഓവറിൽ 23 റൺസ് നേടിയ മുംബയ്യോടുള്ള പകരം വീട്ടൽ കൂടിയായി കമ്മിൻസിന്റെ ഈ ഇന്നിംഗ്സ്.
നേരത്തേ തുടക്കത്തിൽ പതറിയെങ്കിലും പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സൂര്യകുമാർ യാദവ് (36 പന്തിൽ 52) അർദ്ധ സെഞ്ച്വറിയുമായി മുംബയ്യെ കരകയറ്റുകയായിരുന്നു. യുവതാരം തിലക് വർമ്മ 27 പന്തിൽ പുറത്താകാതെ 38 റൺസുമായി വീണ്ടും മുംബയ്ക്ക് വിലയേറിയ സംഭാവന നൽകി. 5 പന്തിൽ 3 സിക്സുൾപ്പെടെ 22 റൺസ് നേടിയ കീറോൺ പൊള്ളാഡിന്റെ തകർപ്പൻ ഫിനിഷിംഗും മുംബയ്ക്ക് തുണയായി. ഓപ്പണർമാരായ ക്യാപ്ടൻ രോഹിത് ശർമ്മ (3), ഇഷാൻ കിഷൻ (14) എന്നിവർ നിരാശപ്പെടുത്തി. ഡെവാൽ ബ്രീവിസ് 19 പന്തിൽ 29 റൺസ് നേടി. പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്കായി 2 വിക്കറ്റ് വീഴ്ത്തി. എന്നാൽ അവസാന ഓവറിൽ പൊള്ളാഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ കമ്മിൻസ് 23 റൺസ് വഴങ്ങിയിരുന്നു.
ജയത്തോടെ കൊൽക്കത്ത ഒന്നാമതെത്തി. മുംബയ്യുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.